2014ലെ തൊഴിലാളി വിരുദ്ധ ഭേദഗതി റദ്ദാക്കിതൊഴിലാളികള്‍ക്ക് ആശ്വാസം

കൊച്ചി: തൊഴിലാളികള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലുടമയുമായി ചേര്‍ന്ന് പെന്‍ഷന്‍വിഹിതം നല്‍കാനുള്ള അവസരം നിഷേധിച്ച ഇപിഎഫ് അധികൃതരുടെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വിഹിതം നല്‍കുന്നത് ഒഴിവാക്കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ആക്റ്റില്‍ 2014ല്‍ കൊണ്ടുവന്ന ഭേദഗതി തെറ്റും സ്വേച്ഛാപരവുമാണെന്ന് വ്യക്തമാക്കിയ കോടതി അതും റദ്ദാക്കി.
തൊഴിലാളികള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കുന്ന ഇപിഎഫ് നടപടികള്‍ക്കെതിരേ സമര്‍പ്പിക്കപ്പെട്ട 507 ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. പെന്‍ഷന് അര്‍ഹതയുള്ള പരമാവധി ശമ്പളം മാസം 6,500 ആയിരുന്നത് 15,000ത്തിലേക്ക് ഉയര്‍ത്തുകയും ശമ്പളത്തിന് ആനുപാതികമായ വിഹിതം അടയ്ക്കുന്നതിന് പരിധി വയ്ക്കുകയും ചെയ്തതടക്കം ഭേദഗതി വിജ്ഞാപനത്തിലെ വിവിധ വ്യവസ്ഥകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഭേദഗതിക്കു മുമ്പ് 6,500 രൂപ ശമ്പളപരിധിയായി നിശ്ചയിച്ചിരുന്നെങ്കിലും യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഫണ്ടിലേക്ക് ഉയര്‍ന്ന തുകയടയ്ക്കാന്‍ അംഗമായ തൊഴിലാളിക്കു കഴിയുമായിരുന്നു. ഭേദഗതിയോടെ ഇത് ഇല്ലാതായി. 15,000ന് മുകളില്‍ ശമ്പളത്തിന്റെ വിഹിതമായി അടയ്ക്കുമ്പോള്‍ കൂടിയ തുകയ്ക്ക് 1.16 ശതമാനം അധികവിഹിതം തൊഴിലാളി അടയ്ക്കണമെന്ന വ്യവസ്ഥ വന്നു. നിലവില്‍ പദ്ധതിയംഗങ്ങളായവര്‍ക്ക് തൊഴിലുടമയുമായി ചേര്‍ന്ന് ഉയര്‍ന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാമെന്നും ഉത്തരവിറക്കി. ശമ്പളപരിധി വര്‍ധിപ്പിച്ചതോടെ 2014 ആഗസ്ത് 31 വരെയുള്ള സര്‍വീസ് കാലയളവിലെ പെന്‍ഷന്‍ 6,500 രൂപ പരിധിയെ ആധാരമാക്കിയും തുടര്‍ന്നുള്ളത് 15,000 രൂപയുടെ അടിസ്ഥാനത്തിലുമായി.
2014 സപ്തംബര്‍ ഒന്നിനുശേഷമുള്ള ആറുമാസത്തിനകം അന്നു നിലവിലുണ്ടായിരുന്ന പരിധിയായ 6,500 രൂപയ്ക്കപ്പുറം വിഹിതം നല്‍കുന്നവര്‍ ഓപ്ഷന്‍ നല്‍കണമെന്ന് സമയപരിധിയും നിശ്ചയിച്ചു. ഇതാണ് ചോദ്യംചെയ്യപ്പെട്ടത്. ഉയര്‍ന്ന പെന്‍ഷനു വേണ്ടി ഓപ്ഷന്‍ നല്‍കാന്‍ നിശ്ചിത തിയ്യതി തീരുമാനിക്കുന്നത് വിരമിച്ചവരെ രണ്ടായി തിരിക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം നല്‍കിയവര്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ നിഷേധിക്കുന്നത് സ്വേച്ഛാപരമാണ്. ഇതു നിലനില്‍ക്കില്ല. വിഹിതം നല്‍കാമെന്ന് തൊഴിലുടമയുമായി ചേര്‍ന്ന് സംയുക്ത ഓപ്ഷന്‍ നല്‍കിയവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ആനുകൂല്യം നിഷേധിക്കുന്നതാണ് പുതിയ ഭേദഗതി.
പെന്‍ഷന് അര്‍ഹതയുള്ള പരമാവധി ശമ്പളം 15,000 രൂപയായി നിജപ്പെടുത്തുമ്പോള്‍ ഒരു ദിവസം 500 രൂപയെന്നാണ് വിലയിരുത്തുന്നത്. കൂലിപ്പണി ചെയ്യുന്നവര്‍ക്കു പോലും ഇതില്‍ കൂടുതല്‍ ലഭിക്കും. പെന്‍ഷന് അര്‍ഹതയുള്ള ശമ്പളം 15,000 രൂപയായി നിജപ്പെടുത്തുന്നത് മാന്യമായ പെന്‍ഷന്‍ നിഷേധിക്കലാവും. വിരമിക്കുന്നവര്‍ക്ക് ഗുണകരമായ ഒരു പദ്ധതി അട്ടിമറിക്കലാണിത്. കൂടിയ തുക പെന്‍ഷനായി നല്‍കുന്നത് പെന്‍ഷന്‍ ഫണ്ട് കുറയ്ക്കുമെന്ന വിചിത്രവാദമാണ് ഇപിഎഫ് അധികൃതര്‍ ഉന്നയിക്കുന്നത്. ഇതിന്റെ പേരില്‍ അര്‍ഹതപ്പെട്ട പെന്‍ഷന്‍ നിഷേധിക്കാനാവില്ല. 15,000 രൂപയില്‍ കൂടിയ തുകയുടെ അടിസ്ഥാനത്തില്‍ വിഹിതമടയ്ക്കുമ്പോള്‍ 1.66 ശതമാനം തുക അധിക വിഹിതമായി നല്‍കണമെന്നു പറയുന്നതും നിലനില്‍ക്കില്ല. ഇപിഎഫ് നിയമത്തില്‍ ഇത്തരത്തില്‍ അധികവിഹിതം ഈടാക്കാന്‍ വ്യവസ്ഥയില്ലെന്നും ഹൈക്കോടതി വിലയിരുത്തി. പെന്‍ഷന്‍ തുക കണക്കാക്കാന്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള 12 മാസത്തെ ശരാശരി ശമ്പളമാണ് കണക്കിലെടുത്തിരുന്നതെങ്കില്‍ ഭേദഗതി വന്നതോടെ ഇത് അവസാനത്തെ അഞ്ചു വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കിലെടുക്കുന്ന സ്ഥിതിയുണ്ട്. ഇതും സ്വേച്ഛാപരമാണ്.
പെന്‍ഷന്‍ ഫണ്ട് സുരക്ഷിതമാക്കാന്‍ വിരമിച്ചവരുടെ ചുണ്ടില്‍ നിന്ന് അപ്പക്കഷണങ്ങള്‍ മോഷ്ടിച്ചെടുക്കുന്നതിന് ന്യായീകരണമില്ല. ഭേദഗതി ഫണ്ട് കുറയുന്നത് തടയാനാണെന്ന വാദത്തിനു തെളിവില്ല. അടിസ്ഥാന ഫണ്ട് കുറഞ്ഞുപോകുന്ന സാഹചര്യമുണ്ടായാല്‍ അന്ന് സംഭാവന വര്‍ധിപ്പിക്കാന്‍ നിയമനിര്‍മാണത്തിലൂടെ പരിഹാരം കാണാനാവും.
പുതിയ ഭേദഗതിയിലൂടെ ഓപ്ഷന്‍ എടുത്തവര്‍, എടുക്കാത്തവര്‍, 2014 സപ്തംബര്‍ ഒന്നിന് മുമ്പ് വിരമിച്ചവര്‍, ഈ തിയ്യതിക്കുശേഷം വിരമിച്ചവര്‍ എന്നിങ്ങനെ നാലുതരത്തിലുള്ള പെന്‍ഷന്‍കാരുണ്ടാവും. തൊഴിലാളികള്‍ക്ക് ഒന്നാകെ സമാന ആനുകൂല്യം ഉറപ്പാക്കേണ്ട പദ്ധതിയില്‍ ഇത്തരം തരംതിരിവുകള്‍ നിയമപരമായി നിലനില്‍ക്കില്ല. ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഇപിഎഫ് അധികൃതര്‍ പുറപ്പെടുവിച്ച തുടര്‍ ഉത്തരവുകളും 62 പേജുള്ള ഉത്തരവിലൂടെ കോടതി റദ്ദാക്കി.

Next Story

RELATED STORIES

Share it