2013ലെ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണം

കൊച്ചി: മെട്രോയ്ക്കു വേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നഷ്ടപരിഹാരത്തിന്റെ 80 ശതമാനം മാത്രം കൈപ്പറ്റിയവര്‍ക്ക് ബാക്കി തുക പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വര്‍ധിപ്പിച്ചുനല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇതിനെതിരേയാണ് കൊച്ചി മെട്രോ അപ്പീല്‍ സമര്‍പ്പിച്ചത്. തങ്ങളുടെ നഷ്ടപരിഹാര ആവശ്യം ചൂണ്ടിക്കാട്ടി ഭൂവുടമകള്‍ ജില്ലാ കലക്ടര്‍ക്കു നിവേദനം നല്‍കണമെന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പറയുന്നു. ഇത് കലക്ടര്‍ ആറാഴ്ചയ്ക്കകം ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറണം. നഷ്ടപരിഹാരത്തിന് പലിശ കണക്കാക്കുമ്പോള്‍ ഭൂമിയുടെ കൈവശാവകാശം കൈമാറിയ തിയ്യതി പരിഗണിക്കണം. ആദ്യം നല്‍കിയ 80 ശതമാനം തുകയ്ക്കു പലിശ കണക്കുകൂട്ടരുത്. ബാക്കിയുള്ള 20 ശതമാനം തുക നല്‍കുന്നതിന് മുമ്പേ ഉടമകള്‍ സെയില്‍ ഡീഡ് തയ്യാറാക്കണം. 12 ഭൂവുടമകളുമായുള്ള കരാറുകളില്‍ പുതിയ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്ല. പക്ഷേ, കരാറില്‍ ഒരുവശത്ത് സര്‍ക്കാരായതിനാല്‍ അവരോട് വിവേചനം കാണിക്കരുത്. അവര്‍ക്കും മറ്റുള്ളവര്‍ക്കുള്ള ആനുകൂല്യം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കൊച്ചി മെട്രോയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വിജ്ഞാപനം ഇറക്കിയിരുന്നു. ഈ സമയത്താണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.

RELATED STORIES

Share it
Top