wayanad local

2013ലെ നോട്ടിഫിക്കേഷന്‍ റദ്ദാക്കി റിവ്യൂ ഹരജി നല്‍കണം: സിപിഎം

കല്‍പ്പറ്റ: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പിടിച്ചെടുത്ത കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി തിരികെ ലഭ്യമാക്കാന്‍ 2013ലെ വനംവകുപ്പ് നോട്ടിഫിക്കേഷന്‍ റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിവ്യൂ ഹരജി നല്‍കണമെന്നു സിപിഎം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിജ്ഞാപനം ചെയ്ത ഭുമിക്കു പകരം കര്‍ഷകന്‍ നിയമപരമായി വിലകൊടുത്തു വാങ്ങിയ ജന്മഭുമി പിടിച്ചെടുത്ത വനംവകുപ്പിന്റെ ക്രൂരതയ്‌ക്കെതിരേ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ സമരം നടത്തിയതിനെ തുടര്‍ന്ന് 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമിക്ക് നികുതി സ്വീകരിച്ച് കര്‍ഷകന് തിരികെ നല്‍കിയതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ്് അന്വേഷണത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതു കണ്ടെത്തുകയും അവര്‍ക്കെതിരേ നടപടി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സബ് കലക്ടര്‍ നേതൃത്വത്തിലുള്ള കമ്മിറ്റി നല്‍കിയ അന്വേഷണ റിപോര്‍ട്ടിലും ഭൂമി കുടുംബത്തിനു നിയമപരമായി ഉടമസ്ഥത ഉള്ളതാണെന്നു വ്യക്തമാക്കിയതാണ്. ഉമ്മന്‍ചാണ്ടി നയിച്ച കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 2013 ഒക്ടോബര്‍ 21ന് പ്രസ്തുത ഭൂമി വനമായി നോട്ടിഫിക്കേഷന്‍ നടത്തി. തെറ്റായിട്ടാണ് വനംവകുപ്പ് ഈ നോട്ടിഫിക്കേഷന്‍ നടത്തിയതെന്നു സബ് കലക്ടര്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുഡിഎഫ് ഭരണത്തില്‍ നിയമവിരുദ്ധമായി നടത്തിയ നോട്ടിഫിക്കേഷന്‍ റദ്ദുചെയ്ത് ഹൈക്കോടതിയില്‍ റിവ്യൂ ഹരജി നല്‍കി സബ് കലക്ടര്‍ റിപോര്‍ട്ടുകള്‍ അടക്കം എല്ലാ വസ്തുതകളും ഹൈക്കോടതിയെ ബോധിപ്പിക്കണം. നാലു പതിറ്റാണ്ടായി നീതി നിഷേധിക്കപ്പെട്ട കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. മൂന്ന് പതിറ്റാണ്ടിനിടെ വന്യജീവി ആക്രമണങ്ങളില്‍ നൂറ്റിയിരുപത്തിയഞ്ചോളം മനുഷ്യര്‍ കൊല്ലപ്പെട്ടു. എണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റു. രണ്ടായിരത്തിലധികം വളര്‍ത്തു മൃഗങ്ങള്‍ ആക്രമിക്കപ്പെട്ടതായും വനംവകുപ്പിന്റെ കണക്കുകളില്‍ പറയുന്നു.
Next Story

RELATED STORIES

Share it