2000 രൂപാ നോട്ടുകള്‍ പിടിച്ചുവച്ച് ആര്‍ബിഐ

മുംബൈ: നിലവില്‍ വിനിമയം ചെയ്യപ്പെടുന്ന ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ കറന്‍സിയായ 2000 രൂപാ നോട്ട് കൂടുതലായി വിപണിയിലിറക്കാതെ റിസര്‍വ് ബാങ്ക് പിടിച്ചുവയ്ക്കുന്നു. 2000 രൂപാ നോട്ട് ക്രമേണ പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായും അഭ്യൂഹമുണ്ട്. റിസര്‍വ് ബാങ്ക് ഇതുവരെ അച്ചടിച്ച 2000 രൂപാ നോട്ടുകളുടെ മൂല്യവും നിലവില്‍ വിപണിയിലുള്ള 2000 രൂപാ നോട്ടുകളുടെ മൂല്യവും തമ്മിലുള്ള അന്തരമാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണം. എസ്ബിഐയുടെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ സൗമ്യ കാന്തിഘോഷ് തയ്യാറാക്കിയ റിപോര്‍ട്ടിലാണ് അന്തരം സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം 1000 രൂപാ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അച്ചടിച്ചത്. ഡിസംബര്‍ എട്ട് വരെയുള്ള കണക്കുപ്രകാരം 7,308 ബില്യണ്‍ മൂല്യമുള്ള 2000ത്തിന്റെ നോട്ടുകളാണ് റിസര്‍വ് ബാങ്ക് അച്ചടിച്ചത്. 2017 മാര്‍ച്ച് വരെ 3501 ബില്യണ്‍ മൂല്യം വരുന്ന ചെറിയ നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്. പുതിയ 500 രൂപയുടെ 16,957 മില്യണ്‍ നോട്ടുകള്‍ അച്ചടിച്ചു. 2000 രൂപയുടെ 3,654 മില്യണ്‍ നോട്ടുകളും അച്ചടിച്ചു. ഇവ രണ്ടും കൂടിയുള്ള മൂല്യം 15,787 ബില്യണ്‍ വരും. എന്നാല്‍ 13,324 ബില്യണ്‍ മൂല്യമുള്ള നോട്ടുകളാണ് വിതരണം ചെയ്തത്. ബാക്കി 2,463 ബില്യന്റെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വിതരണം ചെയ്തിട്ടില്ലെന്ന് റിപോര്‍ട്ട് പറയുന്നു. 2000ത്തിന്റെ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ ബുദ്ധിമുട്ടാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതുവരെ അച്ചടിച്ച 2000 രൂപാ നോട്ടുകളില്‍ ഒരു ഭാഗം റിസര്‍വ് ബാങ്ക് പിടിച്ചുവയ്ക്കുകയോ അതിന്റെ അച്ചടി നിര്‍ത്തിവയ്ക്കുകയോ ചെയ്തതായാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട് പറയുന്നത്.

RELATED STORIES

Share it
Top