2000 കോടിയുടെ തട്ടിപ്പ്: ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഉന്നതര്‍ അറസ്റ്റില്‍

മുംബൈ: ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്നു വിശ്വസിപ്പിച്ച് നിക്ഷേപകരില്‍ നിന്നു 2000 കോടി രൂപയിലധികം തട്ടിയെടുത്ത കേസില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രവീന്ദ്ര മറാത്തേ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേന്ദ്ര ഗുപ്ത, സോണല്‍ മാനേജര്‍ നിത്യാനന്ദ് ദേശ്പാണ്ഡെ, രാജീവ് നൂസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കേസിലെ മുഖ്യപ്രതികളായ പ്രമുഖ ബില്‍ഡര്‍ ഡി എസ് കുല്‍ക്കര്‍ണിയെയും ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നു. കുല്‍ക്കര്‍ണിയുടെ ഡിഎസ്‌കെഡിഎല്‍ എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനു വേണ്ടി ബാങ്കിലെ 33000ഓളം ഇടപാടുകാരുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് വകമാറ്റി നല്‍കിയെന്നാണ് കേസ്. 2,043.18 കോടി രൂപയാണ് ഇങ്ങനെ നിക്ഷേപിച്ചത്. നിബന്ധനകളൊന്നും പാലിക്കാതെ കുല്‍ക്കര്‍ണിക്ക് കോടികളുടെ ലോണ്‍ അനുവദിച്ചതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങള്‍ നിക്ഷേപിച്ചിട്ടും മുടക്കുമുതല്‍ പോലും ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. കേസില്‍  12 പ്രതികളാണുള്ളത്.

RELATED STORIES

Share it
Top