200 കോടിയുടെ മയക്കുമരുന്ന് കടത്ത്: മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചി: പാഴ്‌സല്‍ സര്‍വീസ് വഴി കൊച്ചിയില്‍ നിന്നു മലേസ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 200 കോടിയുടെ മെത്തലിന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍ (എംഡിഎംഎ) പിടിച്ച സംഭവത്തിലെ മുഖ്യപ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ പ്രശാന്ത് കുമാറി(36)നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി എ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൂട്ടാളിയായ അലിക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മയക്കുമരുന്നു കടത്തിനു പിന്നില്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘത്തിനും പങ്കുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. വന്‍ സംഘമാണ് മയക്കുമരുന്നു കടത്തിനു പിന്നിലുള്ളത്. വളരെ വില കൂടിയ ഇനത്തില്‍പ്പെട്ട എംഡിഎംഎ എന്ന ഈ ഡ്രഗ് ഇത്ര വലിയ അളവില്‍ പിടികൂടുന്നത് ഇന്ത്യയില്‍ തന്നെ ഇതാദ്യമാണെന്നും ഋഷിരാജ് സിങ് പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നിന് രാജ്യാന്തര മാര്‍ക്കറ്റില്‍ ഗ്രാമിന് 65,000 രൂപയോളം വിലയുണ്ട്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവീണ്‍ ട്രാവല്‍സ് എന്ന പാര്‍സല്‍ സര്‍വീസ് മുഖേന എഗ്മൂറില്‍ നിന്നു സപ്തംബര്‍ 28നാണ് എറണാകുളം എംജി റോഡിലുള്ള പാര്‍സല്‍ സര്‍വീസിന്റെ ഗോഡൗണിലേക്ക് സാരികള്‍ അടങ്ങിയ എട്ട് കാര്‍ട്ടണ്‍ ബോക്‌സുകള്‍ എത്തിയത്. ഇത് എംജി റോഡില്‍ തന്നെയുള്ള കൊറിയര്‍ സ്ഥാപനത്തിലൂടെ എയര്‍ കാര്‍ഗോ വഴി മലേസ്യയിലേക്ക് കടത്താനാണ് പ്രതികള്‍ ശ്രമിച്ചത്. ആഗസ്ത് മാസം പകുതിയോടെ ഇതേ രീതിയില്‍ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച് ഇവര്‍ മലേസ്യയിലേക്ക് മയക്കുമരുന്നു കടത്തിയിട്ടുണ്ട്. ആദ്യ ശ്രമം വിജയകരമായതിനെത്തുടര്‍ന്നാണ് വീണ്ടും ഇതേ രീതിയില്‍ മയക്കുമരുന്ന് കടത്താന്‍ പ്രതികള്‍ തീരുമാനിച്ചത്. ഇതു പ്രകാരം വില കുറഞ്ഞ സാരികള്‍ അടങ്ങിയ എട്ട് കാര്‍ട്ടണുകളില്‍ 30 കിലോ എംഡിഎംഎ മയക്കുമരുന്ന് ഒളിപ്പിച്ച് ഇതേ കൊറിയര്‍ സര്‍വീസില്‍ എത്തിച്ച് മലേസ്യയിലേക്ക് കടത്താന്‍ ശ്രമിച്ചു. ആദ്യം വന്നപ്പോള്‍ താമസിച്ച അതേ ഹോട്ടലില്‍ തന്നെയാണ് രണ്ടാമത് വന്നപ്പോഴും പ്രതികള്‍ താമസിച്ചിരുന്നത്. എന്നാല്‍, മലേസ്യയിലെ അഡ്രസ്സും കൊറിയര്‍ ചാര്‍ജും രണ്ടാം തവണ സാധനം എത്തിച്ചപ്പോള്‍ കൊറിയര്‍ സ്ഥാപനത്തില്‍ നല്‍കിയില്ല. മലേസ്യയില്‍ എത്തിക്കേണ്ട മേല്‍വിലാസം ശരിയായില്ലെന്നാണ് ഇവര്‍ കൊറിയര്‍ ഉടമയെ അറിയിച്ചത്. ചെന്നൈയില്‍ നിന്നു നേരിട്ട് അയക്കാമെന്നിരിക്കെ രണ്ടാമതും കൊച്ചി വഴി ഇവര്‍ കൊറിയര്‍ അയക്കാന്‍ ശ്രമിച്ചതോടെയാണ് കൊറിയര്‍ ഉടമയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇദ്ദേഹം എക്‌സൈസില്‍ വിവരം അറിയിക്കുകയായിരുന്നു. എക്‌സൈസ് സംഘം പാക്കറ്റ് പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. എയര്‍ കാര്‍ഗോ വഴി അവര്‍ ഉദ്ദേശിച്ച രീതിയില്‍ മയക്കുമരുന്നു കടത്താനുള്ള ക്രമീകരണങ്ങള്‍ ആകാതിരുന്നതാണ് അയക്കാന്‍ കാലതാമസം നേരിട്ടതെന്നാണ് വിലയിരുത്തുന്നതെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
കൊറിയര്‍ കമ്പനിയില്‍ നിന്ന് എക്‌സൈസ് മയക്കുമരുന്നു പിടിച്ചെടുത്ത വിവരം അറിഞ്ഞതോടെ പ്രതികള്‍ ഒളിവില്‍ പോയി. പ്രശാന്ത് കുമാര്‍ കണ്ണൂര്‍ സ്വദേശിയാണെങ്കിലും വളര്‍ന്നതും പഠിച്ചതും വിവാഹം കഴിച്ച് താമസിക്കുന്നതും ചെന്നൈയിലാണ്. ഇടത്തരം ജോലികള്‍ ചെയ്ത് കഴിഞ്ഞുവന്ന ഇയാളെ സുബൈര്‍ എന്ന സഹപാഠിയാണ് അലിയെ പരിചയപ്പെടുത്തിയത്. സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് ഡിപാര്‍ട്ട് മെ ന്റ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാര്‍കോട്ടിക് കണ്‍ട്രോ ള്‍ ബ്യൂറോ, സംസ്ഥാന സ്‌പെ ഷ്യല്‍ ബ്രാഞ്ച് എന്നിവരുടെ സഹകരണത്തോടെ എക്‌സൈസ് പ്രശാന്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ്, പ്രവിന്റീവ് ഓഫിസര്‍ സത്യനാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെന്നൈയിലെത്തി തമിഴ്‌നാട് നാര്‍കോട്ടിക് ഡിപാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ പ്രശാന്തിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവരുകയായിരുന്നു.
കൊച്ചിയില്‍ ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മയക്കുമരുന്നു പിടികൂടാന്‍ നേതൃത്വം നല്‍കിയ എക്‌സൈസ് സംഘത്തിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനും മറ്റുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.RELATED STORIES

Share it
Top