200ഓളം മാധ്യമ പ്രവര്‍ത്തകരെ റഷ്യന്‍ ഹാക്കര്‍മാര്‍ ലക്ഷ്യംവച്ചു

വാഷിങ്ടണ്‍: കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണം ശക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. റഷ്യന്‍ ഹാക്കര്‍മാര്‍ 200ഓളം മാധ്യമ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായാണ് വെളിപ്പെടുത്തല്‍. ഇതില്‍ ഭൂരിഭാഗവും യുഎസ് പൗരന്മാരായ മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ്. കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനിയായ ഹിലരി ക്ലിന്റന്റെ ഇ-മെയില്‍ ഹാക്ക് ചെയ്തു വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതു വന്‍ വിവാദമായിരുന്നു. റഷ്യയിലെ ഫാന്‍സി ബിയര്‍ എന്ന ഹാക്കര്‍ സംഘമായിരുന്നു ഇതിനുപിന്നില്‍. ഹാക്കര്‍മാര്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നോമിനിയായ ഡോണള്‍ഡ് ട്രംപിനു വേണ്ടി പ്രവര്‍ത്തിച്ചു എന്നാണ്.റഷ്യയിലെ യുഎസ് ചാരന്മാര്‍ പറയുന്നത്.  എന്നാല്‍, റഷ്യന്‍ സര്‍ക്കാര്‍ ആരോപണം നിഷേധിച്ചിരുന്നു. യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്ന ആരോപണം യുഎസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചുവരുകയാണ്.ന്യൂയോര്‍ക്ക് ടൈംസില്‍ ജോലിചെയ്യുന്ന 50 മാധ്യമ പ്രവര്‍ത്തകരുടെയും മോസ്‌ക്കോ, റഷ്യ എന്നിവിടങ്ങളില്‍ വിദേശ കറസ്‌പോണ്ടന്റുമാരായി ജോലിചെയ്യുന്ന 50 പേരുടെയും അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്. കൂടാതെ ഉക്രെയ്ന്‍, ബാള്‍ട്ടിക് രാജ്യങ്ങള്‍, വാഷിങ്ടണ്‍ എന്നിവിടങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരുന്നു.

RELATED STORIES

Share it
Top