20 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര സര്‍വകലാശാലകളാക്കി മാറ്റും: കേന്ദ്രം

ചെറുതോണി: രാജ്യത്തെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര സര്‍വകലാശാലകളാക്കി മാറ്റുമെന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കര്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിശ്വോത്തര സര്‍വകലാശാലകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടോ എന്ന ജോയ്‌സ് ജോര്‍ജ് എം പി യുടെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. 10 സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റികളെയും 10 ഡീംഡ് യൂനിവേഴ്‌സിറ്റികളെയുമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ ലോകത്തിലെ 500ലധികം വരുന്ന ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങളുമായി അക്കാദമിക് തലത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാവും. വിദേശരാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെടുന്ന 20 സര്‍വകലാശാലകളില്‍ പഠിക്കാന്‍ അവസരമുണ്ടാവും.  വിശ്വസര്‍വകലാശാലകളായി തിരഞ്ഞെടുക്കപ്പെടുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനുമായി 114 അപേക്ഷകളാണ് ഇപ്പോള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
20 സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനായി മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എന്‍ ഗോപാലസ്വാമി ചെയര്‍മാനായി എംപവേര്‍ഡ് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
ഹാവഡ് യൂനിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഫ. തരുണ്‍ ഖന്ന, ഹൂസ്റ്റണ്‍ യൂനണിവേഴ്‌സിറ്റി പ്രസിഡന്റ് രേണു ഖത്തൂര്‍, ലക്‌നോ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ മുന്‍ ഡയറക്ടര്‍ പ്രീതം സിങ് എന്നിവര്‍  ഉന്നതാധികാര സമിതിയിലെ അംഗങ്ങളാണെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top