20 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കഴക്കൂട്ടം (തിരുവനന്തപുരം): സിപിഎം വഞ്ചിയൂര്‍ ഏരിയാകമ്മറ്റി അംഗം ഇടവുക്കോട് സ്വദേശി എല്‍ എസ് സാജുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ 20 ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളജ് സിഐ ബിനുകുമാറിന്റെ നേതൃത്വത്തില്‍ ശ്രീകാര്യം പോലിസാണ് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലുള്ളവര്‍ കൃത്യവുമായി നേരിട്ടു ബന്ധമുള്ളവരാണോ എന്ന കാര്യം പോലിസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ഇവരില്‍നിന്നു ലഭിച്ചതായി പോലിസ് അറിയിച്ചു.ബുധാനാഴ്ച രാത്രിയാണ് എടക്കോട് സ്വദേശി സാജുവിന് വീടിനു സമീപത്തുവച്ച് വെട്ടേല്‍ക്കുന്നത്. ആക്രമണസമയത്തുതന്നെ സാജു അബോധാവസ്ഥയിലായതിനാല്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ സജുവിനായിട്ടില്ല. ഇരുട്ടിന്റെ മറപറ്റി സംഘം വന്നതിനാല്‍ സാജുവിനോട് ഒപ്പമുള്ള ആളും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. തലയ്ക്കും കാലിനും കൈകളിലുമായി ആറോളം വെട്ടുകള്‍ ഏറ്റിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള സാജുവിന്റെ നില ഗുരുതരമായി തുടരുകയാണ്.  സാജുവിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശ്രീകാര്യം, ഉള്ളൂര്‍, ചെറുവയ്ക്കല്‍, പോങ്ങുംമൂട് പ്രദേശങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ നടത്തി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.അതേസമയം സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ബിജെപി അക്രമം അഴിച്ചുവിടുമ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്യാജപ്രചാരണവും അക്രമവും ഒരേ സമയം നടത്തുന്ന ബിജെപി നാടിനെയാകെ വെല്ലുവിളിക്കുകയാണ്. കണ്ണൂരിലും തിരുവനന്തപുരത്തുമെല്ലാം സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചും പ്രകോപിപ്പിച്ചും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ഗൂഢമായ പരിശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top