thrissur local

20 ഗ്രാമപ്പഞ്ചായത്തുകളില്‍ 27ന് സര്‍വേ പൂര്‍ത്തീകരിക്കും

തൃശൂര്‍: പ്രളയത്തെത്തുടര്‍ന്ന് ജില്ലയിലെ ജൈവവൈവിധ്യത്തുനുണ്ടായ ശോഷണം തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വേ 27 നകം പൂര്‍ത്തീകരിക്കാന്‍ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആഘാതപഠനത്തെ സംബന്ധിച്ച ജില്ലാതല ശില്‍പശാലയില്‍ തീരുമാനം.
ഒക്‌ടോബര്‍ 27 വരെ ജില്ലയിലെ അന്നമനട, കുഴൂര്‍, പറപ്പൂക്കര, മാള, പൊയ്യ, മണലൂര്‍, തെക്കുംക്കര, കാടുകുറ്റി, ചേര്‍പ്പ്, ചാഴൂര്‍, വല്ലച്ചിറ, പടിയൂര്‍, പരിയാരം, മേലൂര്‍, എറിയാട്, ശ്രീനാരായണപുരം, വെങ്കിടങ്ങ്, ദേശമംഗലം, ആളൂര്‍ എന്നീ 20 പഞ്ചായത്തുകളിലാണ് ജൈവവൈവിധ്യ ആഘാതം സംബന്ധിച്ച സര്‍വേ നടത്തുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡാണ് പഠനം നടത്തുന്നത്. നവംബര്‍ ഒന്നിന് ജില്ലാതല റിപ്പോര്‍ട്ട് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് സമര്‍പ്പിക്കും. ഓരോ പഞ്ചായത്തിലും നാല് ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, രണ്ട് ഫീല്‍ഡുതല വിദഗ്ധര്‍, അഞ്ച് വളണ്ടിയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 11 അംഗ സംഘമാണ് പഠനം നടത്തുക.
ഒരു പഞ്ചായത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞാണ് പഠനം. രൂക്ഷമായ ജൈവവൈിധ്യശോഷണം ഉണ്ടായ സ്ഥലങ്ങളില്‍ ഫീല്‍ഡ് സന്ദര്‍ശനത്തിനായി പ്രത്യേക കര്‍മ്മ പരിപാടി തയ്യാറാക്കാന്‍ ശില്‍പശാലയില്‍ തീരുമാനമായി. പ്രവര്‍ത്തനകലന്‍ഡര്‍ നിര്‍മ്മിക്കും. ജില്ലാതല ശില്‍പശാലയ്ക്കു പുറമേ പഞ്ചായത്തുതലത്തിലും വരൂംദിവസങ്ങളില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കും. 20 പഞ്ചായത്തുകള്‍ക്കും ഓപ്പണ്‍ ഡാറ്റ കിറ്റുകള്‍ നല്‍കും.
എല്ലാദിവസവും സര്‍വേ വിവരങ്ങള്‍ ഒഡി കിറ്റ് വഴി ജില്ലാതല ഉദ്യോഗസ്ഥന് കൈമാറും. ജൈവവൈവിധ്യശോഷണത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതിനായി പഞ്ചായത്തുതല ശില്‍പശാലയില്‍ ജൈവവൈവിധ്യ വിവരദാതാക്കളെ കണ്ടെത്തും.
പ്രാഥമിക സ്രോതസ്സുകള്‍, ദ്വിതീയ സ്രോതസ്സുകള്‍ എന്ന നിലയിലാണ് വിവരശേഖരണം നടത്തുക. ഇതിനായി പഞ്ചായത്തുതല ചര്‍ച്ച, ഫീല്‍ഡ്തല നിരീക്ഷണം/മുഖാമുഖം എന്നിവ പ്രയോജനപ്പെടുത്തും. ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ബിഎംസി തലത്തിലും ജില്ലാതലത്തിലും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് സമര്‍പ്പിക്കും. കില, ശുചിത്വമിഷന്‍, തണല്‍ എന്നിവയുമായി സഹകരിച്ചാണ് ജൈവവൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തില്‍ പഠനം നടത്തുക.
ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ്് കെ പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ശില്‍പശാലയില്‍ ഒ എം അജിത്കുമാര്‍, പി കെ ശ്രീധരന്‍ ക്ലാസെടുത്തു. ജില്ലാപഞ്ചായത്ത് ഡിവിഷന്‍ മെംബര്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ജൈവവൈവിധ്യ ബോര്‍ഡ്് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സദാനന്ദന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it