2.9 കോടി ഉപയോക്താക്കളുടെ വിവരം ചോര്‍ന്നു

ന്യൂയോര്‍ക്ക്: കഴിഞ്ഞമാസമുണ്ടായ സൈബര്‍ ആക്രമണത്തില്‍ 2.9 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് ഫേസ്ബുക്. 1.5 കോടി ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടു. 1.4 കോടിയോളം ഉപയോക്താക്കളുടെ സെര്‍ച്ച് ഹിസ്റ്ററി, ജനനത്തിയ്യതി, വിദ്യാഭ്യാസ യോഗ്യത, ലൈക്ക് ചെയ്ത പേജുകള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളും ചോര്‍ത്തപ്പെട്ടതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
എന്നാല്‍ സാധാരണ വിവരങ്ങള്‍ മാത്രമാണു ചോര്‍ന്നതെന്നും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. ഹാക്കര്‍മാരുടെ ലക്ഷ്യം എന്താണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. യുഎസില്‍ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് കരുതുന്നില്ലെന്നും കമ്പനി അറിയിച്ചു.
അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുമായി സഹകരിക്കുന്നുണ്ടെന്നും ആരാണ് സൈബര്‍ ആക്രമണത്തിനു പിന്നിലെന്നു വെളിപ്പെടുത്തരുതെന്നാണു നിര്‍ദേശമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ഹാക്കിങിനു വിധേയരായ മൂന്നു കോടിയോളം ഉപയോക്താക്കള്‍ക്കും എന്താണു സംഭവിച്ചതെന്നു കാട്ടി ഫേസ്ബുക്ക് സന്ദേശം അയച്ചുകഴിഞ്ഞു. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവര്‍ക്കു വ്യാജ ഇ-മെയിലുകളും ഫോണ്‍ സന്ദേശങ്ങളും അയച്ചു കൂടുതല്‍ തട്ടിപ്പിനു ശ്രമം നടക്കാന്‍ സാധ്യതയുണ്ടെന്നും സംശയകരമായ ഇ- മെയിലുകളിലും ഫോണ്‍കോളുകളിലും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നല്‍കി.
കമ്പനിയുടെ ഹെല്‍പ്പ് സെന്റര്‍ സന്ദര്‍ശിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നോ എന്ന് അന്വേഷിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top