Idukki local

2.3 കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍

കുമളി: പച്ചക്കറി നിറച്ച സഞ്ചിക്കുള്ളില്‍ കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി തമിഴ് യുവതി എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. തമിഴ്‌നാട് കമ്പം സ്വദേശിനി കുരങ്ങുമായന്‍ തെരുവില്‍ രാമചന്ദ്രന്‍ ഭാര്യ ഭൂപതി(42)യാണ് അടിമാലി നാര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായത്. ഇന്നലെ രാവിലെ കുമളി ടൗണിനു സമീപത്തു നിന്നാണ് ഇവര്‍ അധികൃതരുടെ പിടിയിലായത്. അതിര്‍ത്തിയിലെ തമിഴ്‌നാട് ബസ് സ്റ്റാന്‍ഡില്‍ എറണാകുളത്തേക്കു പോവുന്നതിനായി കുമളി ബസ് സ്റ്റാന്‍ഡിലേക്ക് വരുന്നതിനിടെയാണ് ഇവരെ 2.3 കിലോ ഗ്രാം ഉണക്ക കഞ്ചാവുമായി പിടികൂടുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന പച്ചക്കറി നിറച്ച ബിഗ്‌ഷോപ്പറിനുള്ളില്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് പൊതിഞ്ഞാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ സ്വദേശി സുരേഷ് ബാബുവിനെ എക്‌സൈസ് സംഘം രണ്ടേകാല്‍ കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളില്‍നിന്നു  ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂപതിയെ പിടികൂടിയത്. ഇപ്പോള്‍ പിടികൂടിയ കഞ്ചാവിന് മുപ്പതിനായിരം രൂപയോളം വിലമതിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമ്പം കേന്ദ്രീകരിച്ച് കഞ്ചാവിന്റെ മൊത്തവ്യാപാരം നടത്തുന്നയാളാണ് ഭൂപതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിവിധ പേരുകളില്‍ അറിയപ്പെടുന്ന തമിഴ്‌നാട് സ്വദേശിയായ ഒരാളാണ് ആന്ധ്രപ്രദേശില്‍ നിന്ന് തങ്ങള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതെന്ന് ഇവര്‍ മൊഴി നല്‍കി. സാധാരണയായി കേരളത്തില്‍ നിന്നുള്ളവര്‍ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ എത്തിയാണ് പതിവായി കഞ്ചാവ് വാങ്ങാറുള്ളത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ സജീവ്, സുരേഷ്, സതീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സഹദേവന്‍ പിള്ള, അനൂപ് സോമന്‍, ദീപുരാജ്, ദിലീപ്, അസീസ്, വനിതാ എക്‌സൈസ് ഓഫിസര്‍ ജസീല എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it