2.03 ലക്ഷം കുടുംബങ്ങള്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കും

കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ആര്‍എസ്ബിവൈ ചിസ്)യുടെ 2018-19 വര്‍ഷത്തെ കാര്‍ഡ് പുതുക്കല്‍, വിതരണത്തോടനുബന്ധിച്ച് ജില്ലാതല കോര്‍ കമ്മിറ്റി യോഗം എഡിഎം കെ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ നിലവില്‍ കാര്‍ഡുള്ള 2.03 ലക്ഷം കുടുംബങ്ങള്‍ക്ക് കാര്‍ഡ് പുതുക്കി നല്‍കാനും 2017 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 23540 കുടുംബങ്ങള്‍ക്ക് ഫോട്ടോ എടുത്തു പുതിയ കാര്‍ഡ് നല്‍കാനും തീരുമാനിച്ചു.
2016, 2017 വര്‍ഷങ്ങളില്‍ കാര്‍ഡ് പുതുക്കാന്‍ സാധിക്കാതെ പോയ 32800 കുടുംബങ്ങള്‍ക്കു വീണ്ടും ഫോട്ടോ എടുത്തു കാര്‍ഡ് നല്‍കാനും യോഗം തീരുമാനിച്ചു.
2018 ഫെബ്രുവരി മാസം 20ന് ശേഷം പഞ്ചായത്ത്, നഗരസഭകള്‍ മുഖേന ആയിരിക്കും പുതുക്കല്‍ ഫോട്ടോ എടുക്കല്‍ പ്രക്രിയ നടത്തുന്നത്. ജില്ലയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 79 കേന്ദ്രങ്ങള്‍ മുഖേന ആയിരിക്കും കാര്‍ഡ് പുതുക്കല്‍, ഫോട്ടോ എടുക്കല്‍ നടത്തുക.
ആരോഗ്യ വകുപ്പ്, ഡിഡിപി, പഞ്ചായത്തുകള്‍, നഗരസഭകള്‍, കുടുംബശ്രീ, എന്‍എച്ച്എം, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുമായി സഹകരിച്ച് തൊഴില്‍ വകുപ്പിന് കീഴിലുള്ള ചിയാക് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ആര്‍എസ്ബിവൈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 30000 രൂപയുടെ ചികില്‍സാ സഹായവും 60 വയസും അതിനു മുകളില്‍ പ്രായമുള്ള ഓരോ അംഗത്തിനും 30,000 രൂപയുടെ ചികില്‍സാ സഹായവും ലഭിക്കും.
കൂടാതെ  സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ചിസ് പ്ലസ് പദ്ധതി മുഖേന ഗുരുതര രോഗങ്ങള്‍ക്ക് 70,000 രൂപയുടെ അധിക ചികില്‍സാ സഹായവും നല്‍കുന്നുണ്ട്.ഈ സാമ്പത്തിക വര്‍ഷം ആര്‍എസ്ബിവൈ പദ്ധതി മുഖേന 45827 പേര്‍ക്ക് 22 കോടി രൂപയുടെ ചികില്‍സാ സഹായം ജനുവരി മാസം വരെ നല്‍കിയിട്ടുണ്ട്. ചിസ് പ്ലസ് പദ്ധതി മുഖേന എട്ടു കോടി രൂപയുടെ സഹായവും നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ ചിയാക് പ്രോജക്റ്റ് മാനേജര്‍ ലിബിന്‍ കുര്യാക്കോസ് പ്രവര്‍ത്തന നടപടികള്‍ വിശദീകരിച്ചു. ജില്ലാ ലേബര്‍ ഓഫിസര്‍ (ഇ) പി രഘുനാഥ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ സുരേഷ് കെ ജി, ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ സി യു ജോണ്‍, കുടുംബശ്രീ ഡിഎംസി പി എന്‍ സുരേഷ്, ഡിഡിപി സൂപ്രണ്ട് ലോറന്‍സ് എം എം, ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top