2ജിസ്‌പെക്ട്രം അഴിമതിഎല്ലാവരെയും വെറുതെ വിട്ടു

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസ്സിനെയും പ്രതിരോധത്തിലാക്കിയ 2ജി സ്‌പെക്ട്രം അഴിമതിക്കേസിലെ എല്ലാ പ്രതികളെയും ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴി എന്നിവരുള്‍പ്പെടെ കുറ്റവിമുക്തരായി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന ഒറ്റവരി ഉത്തരവാണ് ജസ്റ്റിസ് ഒ പി സെയ്‌നി പുറപ്പെടുവിച്ചത്. ആറു വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസിലെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. സിബിഐ അന്വേഷിച്ച രണ്ടു കേസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ച ഒരു കേസിലുമാണ് ഇന്നലെ വിധി വന്നത്. ഈ കേസിലെ കുറ്റപത്രങ്ങള്‍ കോടതി റദ്ദാക്കി. കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളായി 10 വ്യക്തികളും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, യൂനിടെക് വയര്‍ലസ് പ്രൈവറ്റ് ലിമിറ്റഡ്, സ്വാന്‍ ടെലികോം എന്ന ഡിബി ഇത്തിസാലാത്ത് തുടങ്ങി ഒമ്പതു കമ്പനികളുമാണ് മൂന്നു കേസുകളിലുമായി ഉണ്ടായിരുന്നത്. അതേസമയം, കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിബിഐ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ ശരിയായ രീതിയില്‍ വിലയിരുത്താന്‍ കീഴ്‌ക്കോടതിക്കു കഴിഞ്ഞില്ലെന്നാണ് സിബിഐയുടെ വിലയിരുത്തലെന്ന് സിബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കേസിന്റെ പിന്‍ബലത്തിന് ആവശ്യമായ എല്ലാ വസ്തുതകളും ക്രോഡീകരിച്ചശേഷമായിരിക്കും ഹൈക്കോടതിയെ സമീപിക്കുക.  ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കേസ് സിബിഐക്ക് വിട്ടത്. പ്രത്യേക കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് അദ്ദേഹം ഇന്നലെ ഡല്‍ഹിയില്‍ പ്രതികരിച്ചു. 2007-08 കാലയളവില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം അനുവദിക്കുന്നതില്‍ 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നുവെന്ന് 2010ല്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിച്ചു. 2011ല്‍ എ രാജയെ അറസ്റ്റ് ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ 122 സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2ജി സ്‌പെക്ട്രം വിതരണം ചെയ്തതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐ ആരോപിച്ചിരുന്നത്. 2012 ഫെബ്രുവരി രണ്ടിന് ഈ കേസില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ 2ജി സ്‌പെക്ട്രം കരസ്ഥമാക്കിയ കമ്പനികളുടെ ലൈസന്‍സ് സുപ്രിംകോടതി റദ്ദാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍, അഴിമതി നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അധികാര ദുര്‍വിനിയോഗം, പൊതുപ്രവര്‍ത്തകരുടെ അഴിമതി തുടങ്ങിയ നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് 2011ല്‍ കുറ്റപത്രം നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും ചുമത്തിയ കുറ്റങ്ങള്‍ വിചാരണാവേളയില്‍ പ്രതികള്‍ നിഷേധിച്ചിരുന്നു. 2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ 154 പേരുടെ സാക്ഷിമൊഴികളാണ് രേഖപ്പെടുത്തിയിരുന്നത്. സാക്ഷിമൊഴികള്‍ മാത്രം 4,400 പേജുകളാണ് ഉണ്ടായിരുന്നത്. അനില്‍ അംബാനി, ടിനാ അംബാനി എന്നിവരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top