- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എങ്കള്‍ അടാവില്‍ ഡാമ് വേണ്ട
BY ajay G.A.G4 April 2017 11:27 AM GMT
X
ajay G.A.G4 April 2017 11:27 AM GMT
2006ലെ വനാവകാശ നിയമപ്രകാരം പദ്ധതി നടപ്പാക്കാന്‍ തങ്ങളുടെ അനുമതി വേണമെന്നും തങ്ങളുടെ കാടും പുഴയും നശിപ്പിക്കാന്‍ ആരെയും അനുവദിക്കിെല്ലന്നും ആതിരപ്പിള്ളിയിലെ 337 ആദിവാസി കുടുംബങ്ങള്‍ പറയുന്നു. ഓരോ അണക്കെട്ട് ഉയരുമ്പോഴും ഏറ്റവും കൂടുതല്‍ യാതന അനുഭവിക്കേണ്ടി വരുന്നത് ആദിവാസി സമൂഹമാണ്. 104 ഹെക്റ്റര്‍ വനമാണ് പദ്ധതി വരുന്നതോടെ വെള്ളത്തിനടിയിലാവുന്നത്
'ഇത് എങ്കള്‍ അടാവി,
ഇത് എന്‍ മരം,
ഇത് എങ്കള്‍ ആറ്.
ഈ അടാവില് ഡാമ് വേണ്ട'.
ആതിരപ്പിള്ളി പദ്ധതി തങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കും ഉപജീവനമാര്‍ഗത്തിനുമെതിരേ ഉയരുന്ന കനത്ത വെല്ലുവിളിയാണെന്നും ഒരുവിധത്തിലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമുള്ള പ്രതിഷേധശബ്ദവുമായി 337 ആദിവാസി കുടുംബങ്ങള്‍.
ആതിരപ്പിള്ളി വീണ്ടും പ്രക്ഷുബ്ധമാവുകയാണ്. പുതിയ സമരങ്ങള്‍, മുദ്രാവാക്യങ്ങള്‍, അവകാശപോരാട്ടങ്ങള്‍- മെലിഞ്ഞുണങ്ങിയ ചാലക്കുടി പുഴയുടെ പുഞ്ചിരി നിലനിര്‍ത്താനുള്ള അവസാന ശ്രമങ്ങള്‍. മനുഷ്യന്‍ അണകെട്ടി കൊന്നുകൊണ്ടിരിക്കുന്ന ഒരു പുഴയെയും കാടിനെയും തിരിച്ചുപിടിക്കാനുള്ള പോരാട്ടങ്ങള്‍. ശാസ്ത്രീയ പഠന ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പ്രായോഗികമല്ലെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും പദ്ധതി ഏതുവിധേനയും നടപ്പാക്കുമെന്ന വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. ആതിരപ്പിള്ളി പദ്ധതിക്കെതിരേ എല്‍ഡിഎഫിനുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയരുമ്പോഴും നടപ്പാക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് അധികാരികള്‍.
കാടില്ലാതൊരു ജീവിതമില്ല:
ഊരുമൂപ്പത്തി ഗീത
ആതിരപ്പിള്ളി പദ്ധതി തകര്‍ക്കുന്നത് കാടിനെയും പുഴയെയും മാത്രമല്ല. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ അടിവേരിളകി നാമാവശേഷമാവുന്നത് ഒരു ജനസമൂഹം കൂടിയായിരിക്കും. കാടും പുഴയും മാത്രം ആശ്രയിച്ചു ജീവിക്കുന്ന കാടര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ ജീവിതത്തെ ആതിരപ്പിള്ളി പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പറയുകയാണ് വാഴച്ചാല്‍ ഊരുമൂപ്പത്തിയായ ഗീത വാഴച്ചാല്‍. 2006ലെ വനാവകാശ നിയമപ്രകാരം പദ്ധതി നടപ്പാക്കാന്‍ കാടര്‍ ആദിവാസി സമൂഹത്തിന്റെ അനുമതി വേണം. ഈ പശ്ചാത്തലത്തിലാണ് ഗീതയുടെ നിലപാടുകള്‍ ഏറെ പ്രസക്തമാവുന്നത്.
രണ്ടുവര്‍ഷം മുമ്പാണ് 68 കുടുംബങ്ങളുള്ള വാഴച്ചാല്‍ ഊരിന്റെ മൂപ്പത്തിയായി ഗീതയെ തിരഞ്ഞെടുക്കുന്നത്. ഊരുമൂപ്പത്തിയാവുന്നതിനു മുമ്പ് തന്നെ ആതിരപ്പിള്ളി പദ്ധതിക്കെതിരായുള്ള സമരങ്ങളില്‍ ഗീത സജീവസാന്നിധ്യമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ പദ്ധതിയെ കുറിച്ച് കേട്ടിട്ടുണ്ട്. ഇപ്പോള്‍ സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയായ ഡോ. ലത സമരത്തിന്റെ ഭാഗമായി അക്കാലത്ത് തങ്ങളുടെ കുടിയിലും എത്തിയിരുന്നു. അന്ന് പദ്ധതിയെ കുറിച്ചും പദ്ധതി കാടിനും ചാലക്കുടി പുഴയ്ക്കും വരുത്തിവയ്ക്കുന്ന നാശത്തെ കുറിച്ചുമെല്ലാം പരിസ്ഥിതി പ്രവര്‍ത്തകര്‍ സംസാരിച്ചു. ഗീതയുടെ അച്ഛന്‍ കരുമ്പയനും ജലവൈദ്യുതി പദ്ധതി വരുന്നതിനെ എതിര്‍ത്തിരുന്നു. അച്ഛനില്‍ നിന്നും ലതചേച്ചിയില്‍ നിന്നുമെല്ലാം കേട്ടറിഞ്ഞ പാഠങ്ങളാണ് പദ്ധതിക്കെതിരേ നിലകൊള്ളാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നത് ഗീത പറഞ്ഞു.
തങ്ങളുടെ കാടും പുഴയും നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. പറമ്പിക്കുളം മുതല്‍ പെരിങ്ങല്‍കുത്ത് വരെ ഇപ്പോള്‍ തന്നെ ചാലക്കുടി പുഴയില്‍ ആറു ഡാമുകളുണ്ട്. ഓരോ അണക്കെട്ട് ഉയരുമ്പോഴും ഏറ്റവും കൂടുതല്‍ യാതന അനുഭവിക്കേണ്ടി വരുന്നത് ആദിവാസി സമൂഹമാണ്. ഞങ്ങളുടെ ജീവിത ചുറ്റുപാടുകളില്‍ നിന്നെല്ലാം ഞങ്ങളെ ആട്ടിപ്പായിച്ചു കൊണ്ടിരിക്കുന്നു. എവിടെയും സ്ഥിരമായി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ. കാടിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ് ഞങ്ങള്‍. തേന്‍, തെള്ളി, കൂവ, മഞ്ഞള്‍, ഇഞ്ചി, കാട്ടുമാങ്ങ എന്നിവ കാട്ടില്‍ നിന്ന് ശേഖരിച്ചും പുഴയില്‍ നിന്ന് മീന്‍ പിടിച്ചുമാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ഇതിനപ്പുറമുള്ള ഒരു ജീവിതം സങ്കല്‍പിക്കാനാവാത്തതാണെന്ന് ഗീത പറയുന്നു.
രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്തു
പദ്ധതി കാടിനെയും പുഴയെയും ആദിവാസികളുടെ ജീവിതത്തെയും തകര്‍ക്കുമെന്ന് അറിഞ്ഞിട്ടും അധികാരികള്‍ എന്തിനാണ് പദ്ധതിയുമായി മുന്നോട്ടു പോവുന്നതെന്ന് ഗീതയ്ക്കിപ്പോഴും സംശയമാണ്. പലരും ആദിവാസികളെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചു. ഏതാനും മാസം മുമ്പ് സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് രണ്ടുലക്ഷം രൂപ വാഗ്ദാനം ചെയ്ത് ആദിവാസികളെ സമീപിച്ചു. കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥരും പദ്ധതിക്കു വേണ്ടി ആദിവാസികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്. ആദിവാസികളെ ഭിന്നിപ്പിച്ച് സമരം പൊളിക്കാനുള്ള ശ്രമമാണ് ചില കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും ഗീത ആരോപിക്കുന്നു. മദ്യം നല്‍കിയും പണവും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്തും ആദിവാസികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൂടാതെ കെഎസ്ഇബിയില്‍ കരാര്‍ പണിക്കു പോവുന്ന ആദിവാസികളെ കൂടെ നിര്‍ത്താനും ശ്രമങ്ങള്‍ നടന്നുവരുന്നു. ഏതു വിധേനയും പദ്ധതി നടപ്പാക്കണമെന്ന നിര്‍ബന്ധത്തിലാണ് അധികാരികള്‍. പരിസ്ഥിതിക്ക് ദോഷമാണെന്നറിഞ്ഞിട്ടും ആര്‍ക്കുവേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ഗീത പറഞ്ഞു.
ആരുടെ താല്‍പര്യം
സംരക്ഷിക്കാന്‍?
പരിസ്ഥിതി നാശവും വനാവകാശ നിയമവും അവഗണിച്ചു കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോവുന്നതിലെ താല്‍പര്യങ്ങള്‍ പുറത്തു കൊണ്ടുവരേണ്ടതുണ്ട്. പ്രതിഷേധത്തെ ഭയന്ന് പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏറെ രഹസ്യമായി നടപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഡാം സൈറ്റിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മനുഷ്യവാസമില്ലെന്ന് കെഎസ്ഇബി അധികൃതര്‍ റിപോര്‍ട്ട് നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ മുറിക്കാനും ശ്രമങ്ങള്‍ നടന്നു. മുറിച്ചുമാറ്റുന്നതിന്റെ മുന്നോടിയായി പദ്ധതി പ്രദേശത്തെ മരങ്ങളില്‍ നമ്പറിട്ടെങ്കിലും ആദിവാസികള്‍ സമരവുമായി രംഗത്തെത്തി.
ആതിരപ്പിള്ളി പദ്ധതി വരുന്ന വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍ ഒമ്പതു കാടര്‍ ആദിവാസി ഊരുകളിലായി 337 കുടുംബങ്ങളാണുള്ളത്. പദ്ധതി പ്രദേശത്തിന്റെ 400 മീറ്റര്‍ മാത്രം ദൂരെയുള്ള വാഴച്ചാല്‍ ഊരില്‍ മാത്രം 68 കാടര്‍ ആദിവാസി കുടുംബങ്ങള്‍ ഉണ്ട്. പൊകലപ്പാറ-28, പെരിങ്ങല്‍കുത്ത്-36, മുക്കംപുഴ-17, വാച്ച്മരം-45, തവളക്കുഴിപ്പാറ-45, ആനക്കയം-23, ഷോളയാര്‍-20, പെരുമ്പാറ-55 എന്നിങ്ങനെയാണ് മറ്റു ഊരുകളിലെ കുടുംബങ്ങളുടെ എണ്ണം. ഒമ്പത് കാടര്‍ ഊരുകള്‍ക്കും 2006ലെ വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നു സാമൂഹിക വനാവകാശം ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം ആതിരപ്പിള്ളി-വാഴച്ചാല്‍ മേഖലയിലെ 400 ചതുരശ്ര കിലോമീറ്റര്‍ വനം കാടര്‍ സമുദായത്തിന്റെ അധികാര പരിധിയില്‍ വരും. വനാവകാശ നിയമപ്രകാരം വനവും വന്യജീവികളും ജൈവസമ്പത്തും സംരക്ഷിക്കാന്‍ കാടര്‍ സമുദായത്തിന് അധികാരമുണ്ട്. വനത്തെയും വന്യജീവികളെയും പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തികള്‍ തടയുന്നതും ഇവരുടെ അധികാരപരിധിയില്‍ വരും.
തുടക്കം മുതലേ ആദിവാസി സമൂഹം ആതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. 2002, 2006 വര്‍ഷങ്ങളിലെ പൊതു തെളിവെടുപ്പിലും 2007ല്‍ റിവര്‍വാലി എക്‌സ്‌പെര്‍ട്ട് കമ്മിറ്റിക്കു മുമ്പാകെയും കാടര്‍വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഗീതയുടെ പരാതി പ്രകാരം സംസ്ഥാന ട്രൈബല്‍ റീഹാബിലിറ്റേഷന്‍ കമ്മീഷണര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അങ്കണവാടി അധ്യാപികയായ ഗീത പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹായത്തോടെ പദ്ധതിക്കെതിരേ 2005, 2007 വര്‍ഷങ്ങളില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. 2015 ആഗസ്തില്‍ വാഴച്ചാല്‍ കാടര്‍ ഊരുകൂട്ടം ആതിരപ്പിള്ളി പദ്ധതിക്കെതിരേ പ്രമേയം പാസാക്കി. ഡിസംബറില്‍ വനാവകാശ നിയമങ്ങളുടെ പിന്‍ബലത്തില്‍ ഊരുകൂട്ടത്തിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സമരവും നിയമ നടപടികളുമായി ആതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കും. തങ്ങളെ വഞ്ചിച്ചും പുറംതള്ളിയും മുന്നോട്ടു പോവാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. അത് അനുവദിക്കാനാവില്ല. എന്തു വാഗ്ദാനങ്ങള്‍ നല്‍കിയാലും വനവും പുഴയും നശിക്കുന്ന പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് ഗീത ഉറപ്പിച്ചു പറയുന്നു.
മുങ്ങിപ്പോവുന്ന വനമേഖലകള്‍
ആഗോളതാപനവും വനനശീകരണവും മൂലം ഉഷ്ണമേഖലാ പ്രദേശമായിക്കൊണ്ടിരിക്കുകയാണ് കേരളം. ഒരു മരം പോലും മുറിക്കാനാവാത്ത അവസ്ഥയില്‍ പരിസ്ഥിതിയെ സംബന്ധിച്ച് നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലം. അതിനിടെയാണ് 138.6 ഹെക്റ്റര്‍ വനഭൂമി പ്രത്യക്ഷമായി തന്നെ നശിച്ചുപോവുന്ന കാലഹരണപ്പെട്ട പദ്ധതി യുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത്. 104 ഹെക്റ്റര്‍ വനമാണ് പദ്ധതി വരുന്നതോടെ വെള്ളത്തിനടിയിലാവുന്നത്. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുമെന്ന് കെഎസ്ഇബി അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ പകുതി പോലും ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ചാലക്കുടി പുഴയില്‍ നിലവില്‍ ഇല്ല. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ ഒരു ശതമാനം പോലും നിറവേറ്റാന്‍ നിര്‍ദിഷ്ട ആതിരപ്പിള്ളി പദ്ധതിക്കാവില്ലെന്നു വര്‍ഷങ്ങളായി ഈ മേഖലയില്‍ പഠനം നടത്തുന്ന റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. ലത അനന്ത പറയുന്നു. നിലവില്‍ പറമ്പിക്കുളം, പെരുവരിപ്പള്ളം, തൂണക്കടവ്, അപ്പര്‍ ഷോളയാര്‍, കേരള ഷോളയാര്‍, പെരുങ്ങല്‍കുത്ത് എന്നീ ആറു ഡാമുകള്‍ ചാലക്കുടി പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ തകര്‍ത്തുകഴിഞ്ഞു.
ആറു ഡാമുകളുടെ അടിവാരങ്ങളിലായി മൊത്തം 28 കിലോമീറ്റര്‍ ദൂരം നീരൊഴുക്ക് ഇല്ലാതായി. ഇതിനിടെയാണ് ആതിരപ്പിള്ളി വെള്ളച്ചാട്ടത്തെയും പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെയും തടഞ്ഞുനിര്‍ത്തി കൊണ്ട് പുതിയ അണക്കെട്ട് ഉയരുന്നത്. ഓരോ വര്‍ഷവും നീരൊഴുക്ക് കുറഞ്ഞ് ചാലക്കുടി പുഴ മെലിഞ്ഞുകൊണ്ടിരിക്കുകയാണ്. വരള്‍ച്ചയും ആഗോളതാപനവും ഒരു ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ നഷ്ടങ്ങള്‍ മാത്രം നല്‍കുന്ന പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസി സമൂഹവും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഫോട്ടോ:
ഷെഫീഖ് താമരശ്ശേരി
ബിനോയ് കെ ഐ
അക്ബര്‍ എന്‍ എഫ്
Next Story
RELATED STORIES
ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT