1985ല്‍ എയര്‍ ഇന്ത്യാ വിമാനം ആക്രമിച്ചതിന് പിന്നില്‍ പാര്‍മര്‍ ആണെന്ന് ജഗ്മീത് സിങ്

ഒട്ടാവ: 1985ലെ എയര്‍ ഇന്ത്യാ വിമാനം ആക്രമിച്ചതിനു പിന്നില്‍ സിഖ് സംഘടന ബബ്ബര്‍ ഖല്‍സയുടെ സ്ഥാപകന്‍ തല്‍വീന്ദര്‍ സിങ് പാര്‍മര്‍ ആണെന്ന് തുറന്നു സമ്മതിച്ച് കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ്. കാനഡയിലെ സിഖ് സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ജഗ്മീത് ഇക്കാര്യം സമ്മതിച്ചത്.
ഖലിസ്ഥാന്‍ നേതാവ് ജര്‍ണൈല്‍ സിങ് ബിന്ദ്രന്‍വാലയുടെ പോസ്റ്ററുകളുമായി സംഘടിപ്പിച്ച പരിപാടിയില്‍ ജഗ്മീത് സിങ് പങ്കെടുത്തതു തന്നെ വിവാദമായിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയും ശ്രദ്ധേയമായത്. വിമാന ആക്രമണത്തിനു പിന്നില്‍ തല്‍വീന്ദര്‍ സിങ് പാര്‍മര്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇത് അംഗീകരിക്കാവുന്നതാണ്. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അവിശ്വസിക്കേണ്ടതില്ല. വളരെ ദുഃഖകരമായ ആക്രമണത്തില്‍ മാപ്പ് പറയുന്നതായും ജഗ്മീത് സിങ് കൂട്ടിച്ചേര്‍ത്തു.
കാനഡയിലെ ചില ഗുരുദ്വാരകളില്‍ പാര്‍മറിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ ആക്രമണത്തിന്റെ ഇരകളില്‍ വേദനയുണ്ടാക്കും. ഇത് സമാധാനശ്രമങ്ങളുടെ തകര്‍ച്ചയ്ക്കു മാത്രമേ ഉപകരിക്കൂ. അതിനാല്‍ തന്നെ ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  എയര്‍ ഇന്ത്യാ വിമാനത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ 329 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top