1966ലെ ചരിത്രം ആവര്‍ത്തിക്കാന്‍ ടീം 'ത്രീ ലയണ്‍സ്'
മുന്‍ റഷ്യന്‍ ചാരനെ ഇംഗ്ലണ്ടില്‍ വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവുമായി റഷ്യന്‍ ലോകകപ്പില്‍ നിന്നും വിട്ടുനില്‍ക്കാനൊരുങ്ങിയതായിരുന്നു സൗത്ത് ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ടീം. എന്നാല്‍ 2022ലെ ഖത്തര്‍ ലോകകപ്പില്‍ തങ്ങള്‍ക്ക് ബൂട്ടണിയാന്‍ കഴിയില്ലെന്നും റഷ്യന്‍ ലോകകപ്പില്‍ നിന്ന് വിട്ടു നിന്നാല്‍ വന്‍പിഴ നല്‍കേണ്ടി വരുമെന്ന ബോധ്യത്തില്‍ അവര്‍ റഷ്യന്‍ ലോകകപ്പിന് പച്ചക്കൊടി നാട്ടുകയായിരുന്നു. ഗ്രൂപ്പ് ജിയില്‍ കരുത്തരായ ബെല്‍ജിയത്തിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ടീമാണ് ഇംഗ്ലണ്ട്. പാനമയും തുണീസ്യയും അട്ടിമറിക്കായി കാത്തിരിക്കുന്നുമുണ്ട്. ബെല്‍ജിയത്തിനെതിരേ മികച്ച റെക്കോഡുമായാണ് (15 ജയവും 5 തോല്‍വിയും) ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിലിറങ്ങുന്നത്. ഒരു കാലത്ത് ലോകം തങ്ങളുടെ കാല്‍ക്കീഴിലാക്കിയ പഴയബ്രിട്ടീഷുകാര്‍ അന്ന് ഫുട്‌ബോളിലും അതീവ പെരുമ പിടിച്ചുപറ്റിയ ഏതാനും രാജ്യങ്ങളില്‍പെട്ട ഒരു രാജ്യമായിരുന്നു. ഫുട്‌ബോളില്‍ മാത്രമല്ലായിരുന്നില്ല ബ്രിട്ടീഷുകാര്‍ വേരോട്ടം നടത്തിയത്. ക്രിക്കറ്റിലും സമ്പന്നത കൂടിയ രാജ്യമെന്ന ബഹുമതിയും ബ്രിട്ടന്‍ തങ്ങളുടെ അക്കൗണ്ടിലക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ടീമുകളില്‍ കളിച്ച് ഇപ്പോഴും നിറഞ്ഞാടുന്ന താരങ്ങളുമായാണ് ഇംഗ്ലണ്ട് റഷ്യയെ ലക്ഷ്യം വയ്ക്കുന്നത്. കൈല്‍ വാക്കറും ജോണ്‍ സ്റ്റോണ്‍സും റഹീം സ്റ്റെര്‍ലിങും  കൈറന്‍ ട്രിപ്പിയറും ഡാനി റോസും എറിക് ഡയറും ഡെലെ അലിയും ഹാരി കെയ്‌നും  ഗാരി കാഹിലും ആഷ്‌ലി യങും ജെസ്സി ലിങ്കാര്‍ഡും മാര്‍ക്കസ് റാഷ്ഫാര്‍ഡും  അലെക്‌സ് ഒക്‌സ്ലെയ്ഡും ജോഡന്‍ ഹെന്‍ഡേഴ്‌സനും ആദം ലല്ലാനയും ജെയ്ക് ലിവര്‍മോറും ലെവിസ് കുക്കും  ജാമി വാര്‍ഡിയും ഡാനി വെല്‍ബെക്കുമെല്ലാം തന്നെ ഒരുങ്ങി ഇറങ്ങിയാല്‍ സാക്ഷാല്‍ ബ്രസീലും അര്‍ജന്റീനയും ഇംഗ്ലണ്ടിന്റെ മുന്നില്‍ മുട്ടുമടക്കേണ്ടി വരും. അത്രയും കരുത്തുറ്റ ടീമാണ് സ്വന്തം നാട്ടുകാരനായ ഗാരെത് സൗത്ത് ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ടീമിന്. ആക്രമണ-മധ്യനിര-പ്രതിരോധം ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും മികച്ചൊരു ഗോള്‍ കീപ്പറെ ടീമിന് ഇതുവരെ കണ്ടെത്താനായില്ല എന്നതാണ് വസ്തുത. എങ്കിലും സ്റ്റോക് സിറ്റിയുടെ കാവല്‍ക്കാരന്‍ ജാക്ക് ബട്ട്‌ലന്‍ഡും വെസ്റ്റ് ഹാം ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടും എവര്‍ട്ടന്‍ താരം ജോര്‍ഡന്‍ പിക്‌ഫോര്‍ട്ടും മികച്ച രീതിയില്‍ ഇംഗ്ലണ്ട് വല കാക്കാന്‍ കഴിവുള്ള ലോകോത്തര താരങ്ങളാണ്. 75 മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിന വേണ്ടി ബൂട്ടണിഞ്ഞ ജോ ഹാര്‍ട്ടിനെ ആദ്യ ഇലവനില്‍ ഇറക്കാനാണ് സാധ്യത .എങ്കിലും പരിക്കാണ് ഇംഗ്ലണ്ടിനെ പിന്തുടര്‍ന്ന് വേട്ടയാടുന്നത്. അലെക്‌സ് ഓക്‌സ്ലെയ്ഡും എറിക് ഡയറും ആദം ലല്ലാനയും തുടര്‍ന്ന് പരിക്കിന്റെ പിടിയിലായ താരങ്ങളുടെ വമ്പന്‍ നിര തന്നെയുണ്ട്. പ്രീമിയല്‍ ലീഗിലെ കടുത്ത പോരാട്ടമാണ് ഇവര്‍ക്ക് പരിക്ക് സമ്മാനിച്ചത.് 2014ല്‍ ലോകകപ്പില്‍ കളിച്ച ഏതാനും ചില താരങ്ങളുമായാണ് ഇംഗ്ലണ്ടിന്റെ റഷ്യന്‍ പടപ്പുറപ്പാട്. ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടും റഹീം സ്റ്റെര്‍ലിങും വെല്‍ബെക്കും ഹെന്‍ഡേഴ്‌സനും ലല്ലാനയും ചെംബര്‍ലൈനും ഗാരി കാഹിലുമായിരുന്നു ആ നീരയിലെ പ്രമുഖര്‍. എന്നാല്‍ യൂത്ത് ലോകകപ്പില്‍ മാറ്റ് തെളി—യിച്ച ഹാരി കെയ്‌നും ആഷ്‌ലി യങും ജെസ്സി ലിങ്കാര്‍ഡും ഡെലെ അലിയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ജാമി വാര്‍ഡിയുമൊക്കെ അവര്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. യൂറോപ്പില്‍ നിന്ന് യോഗ്യത നേടി വന്ന ഇംഗ്ലണ്ടിന് നിലവിലെ റാങ്കിങാണ് തലവേദന നല്‍കുന്നത്. മുമ്പ് റാങ്കിങിന്റെ അമരത്ത് വരെയെത്തി നിന്ന ഇംഗ്ലണ്ട് നിലവില്‍ 13ാം സ്ഥാനത്താണ്. യോഗ്യതാ മല്‍സരത്തിന് ശേഷം നടന്ന നാല് സൗഹൃദ മല്‍സരങ്ങളില്‍ മൂന്നിലും സമനിലയായിരുന്നു ഇംഗ്ലണ്ടിന് ഫലം. പക്ഷേ, കരുത്തരായ ജര്‍മനിയോടും ബ്രസീലിനോടും ഇറ്റലിയോടുമാണ് സമനില കണ്ടെത്തിയതെന്നോര്‍ത്ത് അവര്‍ക്ക് ആശ്വസിക്കാം. എന്നാല്‍ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഹോളണ്ടിനോടാണ് ടീം ഏകജയം(1-0) സ്വന്തമാക്കിയത്. 14 തവണ ഫുട്‌ബോള്‍ ലോകകപ്പില്‍ ബൂട്ടണിഞ്ഞ ഇം—ഗ്ലണ്ട് ഒരു തവണ മാത്രമാണ് കിരീടം ചൂടിയത്. തങ്ങള്‍ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ തന്നെയാണ് ടീം ആദ്യ കിരീടം സ്വന്തമാക്കിയതെന്നത് നാട്ടുകാര്‍ക്ക് ഇരട്ടിമധുരം നല്‍കുന്നു. 1950ലാണ് ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പില്‍ പ്രവേശിക്കുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. അടുത്ത സീസണില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ആതിഥേയരെ പരാജയപ്പെടുത്തുകയും ബെല്‍ജിയത്തിനെതിരേ സമനില കണ്ടെത്തുകയും ചെയ്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായി ആദ്യമായി ക്വാര്‍ട്ടറില്‍ പ്രവേശിച്ചെങ്കിലും കരുത്തരായ ഉറുഗ്വേയോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് 1962ലും ക്വാര്‍ട്ടറിലെത്തി വരവറിയിച്ച ഇംഗ്ലണ്ട് തൊട്ടുപിന്നാലെയുള്ള ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിച്ചപ്പോള്‍ അന്ന് ലോകകപ്പിന്റെ ആദ്യ കിരീടം ചൂടി പുതിയ രാജാക്കന്‍മാരാകാനുള്ള തന്ത്രമായിരുന്നു ആതിഥേയത്വത്തിന്റെ പിന്നിലെന്ന് അവര്‍ തെളിയിച്ചു. ഇവിടെ(1966) ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറിയ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റിലെ രണ്ടാം നമ്പര്‍ ടീമായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സെമിയിലേക്ക് കുതിച്ചു. അന്ന് റാങ്കിങില്‍ പിറകിലായിരുന്ന പോര്‍ചുഗലിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ലോക ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചപ്പോള്‍ സെമിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളി പോര്‍ചുഗലായി. എന്നാല്‍ എക്കാലത്തേയും ഇംഗ്ലീഷ് മിഡ്ഫീല്‍ഡറായിരുന്ന സര്‍ റോബര്‍ട്ട് ചാള്‍ട്ടന്റെ ഇരട്ടഗോള്‍ മികവില്‍ പോര്‍ചുഗലിനെ 2-1ന് തകര്‍ത്ത് ഇംഗ്ലണ്ടിന്റെ കന്നി ഫൈനല്‍ പ്രവേശനം ഗംഭീരമാക്കി. ഫൈനലില്‍ കരുത്തരായ ജര്‍മനിക്കെതിരേ ഒരുങ്ങി തന്നെ കളത്തിലിറങ്ങിയ ഇംഗ്ലണ്ട് സര്‍ ജിയോേ്രഫ ചാള്‍സ് ഹര്‍സിന്റെ ഹാട്രിക് ഗോള്‍ മികവില്‍ എതിരാളികളെ 4-2ന് തകര്‍ത്ത് ആദ്യ ലോകകപ്പ് കിരീടവും അക്കൗണ്ടിലാക്കി. ഈ മല്‍സരത്തിലൂടെ ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന ആദ്യത്തെ താരമായി ഹര്‍സ് മാറി. ഇന്നും ഈ റെക്കോഡ് തിരുത്തപ്പെടാതെ സുരക്ഷിതമാണ്. സെമിയില്‍ ഇരട്ടഗോള്‍ നേടിയ  റോബര്‍ട്ട ചാള്‍ട്ടനെ തേടി ആ വര്‍ഷത്തെ ബാലന്‍ ദിയോര്‍ പുരസ്‌കാരവും കടന്നു വന്നിട്ടുണ്ട്.  1990ലെ ഇറ്റാലിയന്‍ ലോകകപ്പാണ് പിന്നീട് ഞെളിഞ്ഞുപറയാന്‍ പ്രചോദനം നല്‍കിയത്. അന്ന് രണ്ടാം സെമിയില്‍ വെസ്റ്റ് ജര്‍മനിയോട് 1-1ന്റെ സമനിലയ്ക്ക് ശേഷം പെനല്‍റ്റിയില്‍ 3-4ന് പരാജയപ്പെട്ടതോടെ മൂന്നാം സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ഇറ്റലിയോട് 2-1ന് കൂടി തോല്‍വി ഏറ്റുവാങ്ങി നാലാം സ്ഥാനം കൊണ്ട് നാട്ടിലേക്ക് മടങ്ങാനായിരുന്നു വിധി. എന്നാല്‍ ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന് ശനി ദശയായിരുന്നു.  മൂന്ന് കളികളില്‍ നിന്ന് രണ്ട് തോല്‍വിയും ഒരു സമനിലയുമായി കൂപ്പുകുത്തിയ ഇംഗ്ലണ്ട് കോസ്റ്ററിക്കയും ഉറുഗ്വായും ഇറ്റലിയും അടങ്ങിയ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. എന്നിരുന്നാലും മികച്ച യുവ പ്രതിഭകള്‍ മിന്നിത്തെളിയുന്ന ഇംഗ്ലണ്ട് കാല്‍പന്ത് കളിത്തട്ടിന് ഒരു വസന്തകുളിരണിയാന്‍ കൂടിയുള്ള ചേക്കേറലാകും റഷ്യയിലേത്. 1966ലെ സമാന പ്രരിഭാശൈലി വീണ്ടും കൈവരിക്കുമെന്ന വിശ്വാസത്തിലാണ് ഇഗ്ല്ണ്ട് റഷ്യയിലേക്ക് തിരിക്കുന്നത്. മറ്റ് ടീമിനെപ്പോലെ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്ത് ടീം യാത്രയാവുമ്പോള്‍ ലോക കായിക പ്രേമികള്‍ക്കത് പോരാട്ടച്ചൂടാവും.

ചരിത്രവുമായി പാനമ

“'ഈ ചരിത്ര ദിവസം ആഘോഷിക്കപ്പെടേണ്ടതാണ്. ഇത് നമ്മുടെ മഹത്തായ വിജയമാണ്'-”  പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വലേറ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ വിജയവാര്‍ത്തയറിഞ്ഞതോടെ അദ്ദേഹം ദേശീയ അവധി പ്രഖ്യാപിച്ചു കൊണ്ട് പാനമയുടെ വിജയം പങ്കുവച്ചതിങ്ങനെയാണ്. ഈ ആഘോഷത്തിന് പിന്നില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും കൈവന്ന ദിനമായിരുന്നു ആ ബുധനാഴ്ച. കഠിന പ്രയത്‌നത്തിനൊടുവില്‍ ആദ്യമായാണ് 40 ലക്ഷം ജനസംഖ്യ മാത്രമുള്ള രാജ്യമായ പാനമ ലോകകപ്പിന് യോഗ്യത നേടുന്നത്. കോണ്‍കാകാഫില്‍ നിന്നുള്ള യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ വിധി മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ കോസ്റ്ററിക്കയെ 2-1ന് തോല്‍പ്പിച്ചാണ് പാനമ യോഗ്യത നേടിയത്. ടീമിന് ജയിച്ചാല്‍ മാത്രം പോരാ—യിരുന്നു. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയോട് അമേരിക്ക തോല്‍ക്കുകയും കൂടി ചെയ്താല്‍ മാത്രമേ ആ ചരിത്രം പിറക്കുകയുള്ളൂ എന്നവര്‍ക്കറിയായമായിരുന്നു. തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ നാട്ടുകാരുടെ മുന്നില്‍ വിയര്‍ത്തു കളിച്ച പാനമ കോസ്റ്ററിക്കയെ 2-1ന് പരാജയപ്പെടുത്തുകയും ട്രിനിഡാഡ് ആന്റ് ടുബാഗോയോട് യുഎസ്എ പരാജയപ്പെടുകയും ചെയ്തതോടെ 40 ലക്ഷത്തിന്റെ പ്രാര്‍ഥന ഒരു നിറകുടത്തില്‍ ചാലിച്ച് ദൈവം പാനമയ്ക്ക് യോഗ്യതയ്ക്കുള്ള വരം കനിഞ്ഞു. ഇതോടെ കോണ്‍കാകാഫില്‍ മെക്‌സിക്കോക്കും കോസ്റ്ററിക്കക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായി പാനമ ലോകകപ്പിലേക്ക്. ഇതോടെ ബുധനാഴ്ച പാനമയുടെ ദേശീയ അവധി ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്താളുകളില്‍ കുറിക്കപ്പെട്ട പാനമ അട്ടിമറിയോടെ വീണ്ടുമൊരു ചരിത്രം കുറിക്കുമോയെന്ന് അടുത്ത മാസം 18ന് ബെല്‍ജിയത്തിനെതിരായ മല്‍സരത്തിലൂടെ ലോകകപ്പില്‍ കാലെടുത്തു വയ്ക്കുന്നപാനമയെ കാത്തിരുന്നു കാണണം.

RELATED STORIES

Share it
Top