196 സ്റ്റേഷനുകളുടെ ചുമതല ഇന്നുമുതല്‍ സിഐമാര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 196 ലോക്കല്‍ പോലിസ് സ്റ്റേഷനുകളില്‍ ഇന്നുമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി സിഐമാര്‍ ചുമതലയേല്‍ക്കും. ഇതുസംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ 471 ലോക്കല്‍ പോലിസ് സ്റ്റേഷനുകളില്‍ ഏഴ് സ്റ്റേഷനുകളില്‍ ഇപ്പോള്‍തന്നെ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായുണ്ട്. ഇതോടൊപ്പമാണ് 196 സ്റ്റേഷനുകളില്‍ക്കൂടി ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള എസ്എച്ച്ഒമാര്‍ ചുമതലയേല്‍ക്കുന്നത്. പ്രകാശ് സിങ് കേസിലെ സുപ്രിംകോടതി വിധിയും പോലിസ് സംവിധാനം ആധുനികവല്‍കരിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്റെ ശുപാര്‍ശകളും പോലിസ് സ്റ്റേഷനുകളില്‍ കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഓരോ സ്റ്റേഷനിലും ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം പ്രത്യേകം ചുമതലയുള്ള എസ്‌ഐമാര്‍ ഉണ്ടാവണം. ഒപ്പം കൂടുതല്‍ അനുഭവപരിചയമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായും വരണം. ഈ ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നിലവില്‍വരുന്നത്.
ഇതനുസരിച്ച് എല്ലാ സ്റ്റേഷനുകളിലും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ളവരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആദ്യഘട്ടമായി നിലവിലുള്ള 196 സിഐ പോസ്റ്റുകള്‍ 196 പോലിസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും ചെയ്തു. ഇത് നടപ്പില്‍വരുത്തുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതോടെ ഇനിമുതല്‍ സംസ്ഥാനത്ത് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ ഓഫിസുകള്‍ ഇല്ലാതാവും. 196 സ്റ്റേഷനുകളില്‍ ചുതലയേല്‍ക്കുന്ന ഇന്‍സ്‌പെക്ടര്‍മാര്‍, ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ എന്നാവും അറിയപ്പെടുക. എസ്എച്ച്ഒമാരായി ഇന്‍സ്‌പെക്ടര്‍മാര്‍ നിലവിലുണ്ടായിരുന്ന ഏഴ്  സ്റ്റേഷനുകളിലും പുതുതായി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒമാര്‍ വരുന്ന 196 സ്റ്റേഷനുകളിലും ഇനിമുതല്‍ ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം എസ്‌ഐമാരുടെ ചുമതലയില്‍ രണ്ടു ഡിവിഷനുകള്‍ ഉണ്ടാവും.
ഇതില്‍ ഏറ്റവും സീനിയറായ എസ്‌ഐക്കായിരിക്കും ക്രമസമാധാന ചുമതല. ജില്ലാ പോലിസ് മേധാവിക്ക് കൂടുതല്‍ മികച്ച പ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍ എസ്‌ഐമാരുടെ ക്രമസമാധാന കുറ്റാന്വേഷണ ചുമതലകളില്‍ മാറ്റം വരുത്താം. എസ്‌ഐമാര്‍ എസ്എച്ച്ഒമാരായ ബാക്കി 268 സ്റ്റേഷനുകളില്‍ അവരുടെ മേല്‍നോട്ട ചുമതല ഇനിമുതല്‍ ബന്ധപ്പെട്ട സബ്ഡിവിഷനല്‍ ഓഫിസര്‍മാര്‍ (ഡിവൈഎസ്പി)ക്കായിരിക്കും. എല്ലാ സ്റ്റേഷനിലും ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സംവിധാനം നിലവില്‍വരുന്നതുവരെ ഈ രീതി തുടരും.
പുതിയ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒമാര്‍ നിലവില്‍ അവര്‍ ഉപയോഗിച്ചുവന്നിരുന്ന വാഹനവും മൊബൈല്‍ ഫോണും തുടര്‍ന്നും ഉപയോഗിക്കണം. സര്‍ക്കിള്‍ ഓഫിസുകള്‍ക്കായി നിലവില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച തസ്തികകള്‍ ബന്ധപ്പെട്ട ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ സംവിധാനം നിലവില്‍വരുമ്പോള്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം, ഗതാഗത പരിപാലനം, അത്തരം വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കല്‍ തുടങ്ങിയവ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സ്റ്റേഷനിലെ പുതിയ ക്രമസമാധാന ഡിവിഷന്റെ ചുമതലയാണ്.
മറ്റു സ്റ്റേഷനിലെ ക്രമസമാധാന പാലനത്തിന് സബ്ഡിവിഷനല്‍ ഓഫിസര്‍മാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കണം. ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സ്റ്റേഷനിലെ ആകെ അംഗസംഖ്യയുടെ മൂന്നിലൊന്ന് അംഗങ്ങള്‍ ആ സ്റ്റേഷന്റെ ക്രൈം ഡിവിഷനില്‍ ഉണ്ടായിരിക്കും. എസ്‌ഐ, എഎസ്‌ഐ, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാര്‍ എന്നിവരടങ്ങുന്നതാവണം ക്രൈം ഡിവിഷന്‍. ജില്ലാ പോലിസ് മേധാവിമാരാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. കുറ്റാന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

RELATED STORIES

Share it
Top