18 കോടിയുടെ കുടിശ്ശിക: മെഡിക്കല്‍ കോളജുകളില്‍ സ്‌റ്റെന്റ് വിതരണം മുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഹൃദയ ശസ്ത്രക്രിയക്ക് ആവശ്യമായ സ്‌റ്റെന്റ് വിതരണം മുടങ്ങുന്നു. സ്‌റ്റെന്റ് വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് 18 കോടി രൂപ കുടിശ്ശിക വന്നതാണു വിതരണം മുടങ്ങാന്‍ കാരണം. മെഡിക്കല്‍ കോളജുകളിലെ കാത്ത് ലാബുകളില്‍ സ്‌റ്റോക്കിരിക്കുന്ന സ്‌റ്റെന്റുകള്‍ പിടിച്ചെടുക്കാന്‍ വിതരണക്കാരുടെ സംഘടന തിരുവനന്തപുരം മെഡിക്കല്‍കോളജ് പോലിസിന്റെ സഹായം തേടി.
2017 ഡിസംബര്‍ 31 വരെയുള്ള സ്‌റ്റെന്റ് വിതരണത്തിലാണ് 18 കോടി രൂപ വിവിധ കമ്പനികള്‍ക്ക് ലഭിക്കാനുള്ളതെന്നു സിഡിഎംഐഡി സെക്രട്ടറി പി കെ നിധീഷ് പറയുന്നു. പലവട്ടം സര്‍ക്കാരിനോടും മെഡിക്കല്‍ കോളജ് അധികൃതരോടും ആവശ്യപ്പെട്ടിട്ടും കുടിശ്ശിക തരാന്‍ തയ്യാറായിട്ടില്ലെന്നും സംഘടന പറയുന്നു. കുടിശ്ശിക തന്നുതീര്‍ക്കാനുള്ള ബാധ്യത അതത് മെഡിക്കല്‍ കോളജുകളുടേതാണെന്നാണു സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്കു സ്‌റ്റൈന്റ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റു സാമഗ്രികളും വിതരണം ചെയ്യുന്ന 20ഓളം കമ്പനികളുണ്ട്. 20 ദിവസം ശസ്ത്രക്രിയ നടത്താനുള്ള സ്‌റ്റെന്റുകള്‍ മാത്രമാണു മെഡിക്കല്‍കോളേജുകളില്‍ ഉള്ളത്. പോലിസിനെ ഉപയോഗിച്ച് സ്‌റ്റോക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതു കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണു പോലിസിന്റെ വിലയിരുത്തല്‍.

RELATED STORIES

Share it
Top