18ാം നാള്‍ ശുഭാന്ത്യം; തായ്‌ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ 13 പേരും പുറത്തെത്തി

ബാങ്കോക്ക്: ലോകം മുഴുവന്‍ കാത്തിരുന്ന നിമിഷം. പലരും അസാധ്യമെന്നു വിധിയെഴുതിയ രക്ഷപ്പെടല്‍. 18 ദിവസത്തെ ഗുഹാവാസത്തിനുശേഷം 13 പേരില്‍ ശേഷിക്കുന്നവരും ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക്. തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമംഗങ്ങളെ 18 ദിവസത്തെ ആശങ്കകള്‍ക്കും മൂന്നു ദിവസത്തെ അതിസാഹസിക രക്ഷാദൗത്യത്തിനും ഒടുവില്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. നാലു കുട്ടികളെയും പരിശീലകനെയുമാണ് ഇന്നലെ ദൗത്യസംഘം പുറംലോകത്തെത്തിച്ചത്.
ബഡ്ഡി ഡൈവിങ് എന്ന അതിസാഹസിക രക്ഷാപ്രവര്‍ത്തനത്തിന് ഞായറാഴ്ചയാണു തുടക്കമിട്ടത്. ഗുഹയില്‍ അകപ്പെട്ട ഓരോ കുട്ടിയോടൊപ്പവും രണ്ടു ഡൈവിങ് വിദഗ്ധര്‍ നീന്തുന്ന രീതിയാണിത്. കഷ്ടിച്ച് നീങ്ങാവുന്ന വായുസഞ്ചാരം കുറവുള്ള വഴികളിലൂടെ മൂന്ന് ഘട്ടങ്ങളിലായാണ് 13 പേരെയും പുറത്തെത്തിച്ചത്. വെളിച്ചത്തിന് രക്ഷാപ്രവര്‍ത്തകരുടെ കൈയിലെ ടോര്‍ച്ച് മാത്രം. രക്ഷപ്പെട്ടവരെ പരിശോധനകള്‍ക്കും ചികില്‍സയ്ക്കുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് അടിയന്തര ചികില്‍സ നല്‍കുന്നുണ്ട്.
ജൂണ്‍ 23നാണ് 16 വയസ്സില്‍ താഴെയുള്ള 12 കുട്ടികളും അവരുടെ പരിശീലകനും കനത്ത മഴയെ തുടര്‍ന്ന് ഗുഹയില്‍ അകപ്പെടുന്നത്. 25 വയസ്സുകാരനായ പരിശീലകന്റെ മനസ്സാന്നിധ്യവും ധൈര്യവുമാണ് വലിയൊരു ദുരന്തത്തെ അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കിയത്. സമീപകാലത്ത് ലോകം കണ്ട അതീവ ദുഷ്‌കര ദൗത്യത്തിനാണ് ഇന്നലെ തായ്‌ലന്‍ഡില്‍ ശുഭപര്യവസാനമായത്.
13 അംഗ സംഘം ഗുഹയ്ക്കകത്തു കയറിയതിന് പിന്നാലെയാണ് മഴ ശക്തമായത്. അതോടെ ഗുഹയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കൂടുതല്‍ ഉള്ളിലേക്ക് പോയി. 10 കിലോമീറ്റര്‍ നീളമുള്ള, ചുണ്ണാമ്പുകല്ല് നിറഞ്ഞ ഗുഹയില്‍ നാലു കിലോമീറ്റര്‍ ഉള്ളിലായിരുന്നു കുട്ടികളുണ്ടായിരുന്നത്. കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ്‌റായ് വനത്തിലെ റെയ്ഞ്ചര്‍ വിവരമറിയിച്ചപ്പോഴാണ് വിവരം മറ്റുള്ളവര്‍ അറിയുന്നത്. 9 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്താനായത്. ബ്രിട്ടിഷ് റെസ്‌ക്യൂ കൗണ്‍സില്‍ അംഗങ്ങളായ നീന്തല്‍ വിദഗ്ധര്‍ ജോണ്‍ വോളന്തെനും റിച്ചാര്‍ഡ് സ്റ്റാന്റനുമാണ് കുട്ടികളെ കണ്ടെത്തിയത്.
രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായതിനാല്‍ മഴ അവസാനിക്കുന്ന നാലു മാസം വരെ കുട്ടികള്‍ ഗുഹയില്‍ കഴിയേണ്ടിവരുമെന്നാണ് അധികൃതര്‍ ആദ്യം കണക്കുകൂട്ടിയത്. എന്നാല്‍, പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളില്‍ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ് വന്നതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയായിരുന്നു.
രക്ഷാദൗത്യത്തിനിടയില്‍ മുന്‍ തായ് നാവികസേനാ ഉദ്യോഗസ്ഥന്‍ സമന്‍ കുനോന്ത് (38) മരിച്ചിരുന്നു. 13 വിദേശ സ്‌കൂബ ഡൈവിങ് വിദഗ്ധരും അഞ്ചു തായ്‌ലന്‍ഡ് നാവികസേനാംഗങ്ങളും അടക്കമുള്ള 18 അംഗ സംഘമാണ് ഗുഹയില്‍ നിന്ന് കുട്ടികളെ പുറത്തെത്തിച്ചത്.

RELATED STORIES

Share it
Top