18കാരന്റെ മരണം; ഉത്തര കന്നഡയില്‍ സംഘര്‍ഷം

ബംഗളൂരു: 18കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത പ്രതിഷേധം കര്‍ണാടകയില്‍ അക്രമാസക്തമായി. ഉത്തര കന്നഡ ജില്ലയിലെ പരേഷ് കമലാകര്‍ മെസ്ത ആണ് മരിച്ചത്. ജിഹാദികളാണ് കൊലപാതകം നടത്തിയതെന്നാരോപിച്ചാണ് സംഘപരിവാര സംഘടനകള്‍ പ്രതിഷേധം തുടങ്ങിയത്. കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. കൊല്ലപ്പെട്ടത് ഹിന്ദു പ്രവര്‍ത്തകനാണെന്നാണ് ബിജെപിയുടെ അവകാശവാദം. സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ജില്ലയിലെ കുംതയില്‍ പോലിസ് ഐജി ഹേമന്ത് നിംബാല്‍കറുടെ കാര്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. മെസ്തയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. സംഭവത്തെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ഉത്തര കന്നഡ ജില്ലയിലെ സിര്‍സി, കുംത പട്ടണങ്ങളിലാണ് പ്രതിഷേധം കത്തുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ വിശ്വേശര്‍ ഹെഗ്‌ഡെ കഗേരി അടക്കം നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top