1765 ജനപ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍ കേസുകള്‍

ന്യൂഡല്‍ഹി: എംപിമാരും എംഎല്‍എമാരുമടക്കം 1,700ലധികം ജനപ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍ക്കേസുകള്‍ നിലനില്‍ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ബിജെപി അധികാരത്തിലുള്ള ഉത്തര്‍പ്രദേശ് ആണ് ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്.
248 എംപിമാരും എംഎല്‍എമാരുമാണ് യുപിയില്‍ ക്രിമിനല്‍ക്കേസുകളില്‍ വിചാരണ നേരിടുന്നത്. തൊട്ടുപിറകെ തമിഴ്‌നാടാണ്. 178 ജനപ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍ക്കേസുകള്‍ നിലനില്‍ക്കുന്നു.
ബിഹാറില്‍ 144ഉം പശ്ചിമ ബംഗാളില്‍ 139ഉം ജനപ്രതിനിധികളാണു ക്രിമിനല്‍ക്കേസുകളില്‍ വിചാരണ നേരിടുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ രാഷ്ട്രീയക്കാര്‍ക്കു ജീവിതാന്ത്യം വരെ വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണു ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയിയും നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ച് മുമ്പാകെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
2014 മുതല്‍ 2017 വരെയുള്ള കണക്കാണ് കേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത്. 1765 എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരേ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി 3,816 ക്രിമിനല്‍ക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതികളില്‍ നിന്നു ലഭ്യമായ കണക്കിന്റെ അടിസ്ഥാനത്തിലാണു നിയമ മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നൂറിലേറെ ജനപ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍ക്കേസുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2017 ഡിസംബര്‍ 12നു കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളത്തില്‍ 87 ജനപ്രതിനിധികള്‍ക്കെതിരേ ക്രിമിനല്‍ക്കേസുകളുള്ളതായാണു വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇത് 100 കടന്നിട്ടുണ്ട്.
രാഷ്ട്രീയക്കാര്‍ക്കെതിരായ കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കണമെന്ന് 2014ല്‍ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ആകെ 3000ല്‍ അധികമുള്ള കേസുകളില്‍ 125 എണ്ണം മാത്രമാണ് ഒരു വര്‍ഷത്തിനിടെ തീര്‍പ്പാക്കിയത്. 771 കേസുകളാണു കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തീര്‍പ്പായത്. ഇനി 3045 കേസുകള്‍ തീര്‍പ്പാവാനുണ്ട്. 539 കേസുകള്‍ കെട്ടിക്കിടക്കുന്ന ഉത്തര്‍പ്രദേശാണ് ഇക്കാര്യത്തിലും മുന്നില്‍.  373 കേസുകള്‍ കെട്ടിക്കിടക്കുന്ന കേരളം രണ്ടാംസ്ഥാനത്ത്. ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ ക്കേസുകള്‍ കൈകാര്യം ചെയ്യാനായി 12 അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it