17 വര്‍ഷത്തെ നിയമപോരാട്ടം; ഒടുവില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും കൊറിയര്‍ സ്ഥാപന ഉടമയുമായിരുന്ന ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി.
17 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് രണ്ടുപ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റുള്ളവരെ വെറുതെവിട്ടു. 2001 സപ്തംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. പഴയ ബസ് സ്റ്റാന്റിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ കൊറിയര്‍ സ്ഥാപനം നടത്തിയിരുന്ന റിട്ട. തഹസില്‍ദാര്‍ ഗോപാലന്റെ മകനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബാലകൃഷ്ണനെ പ്രണയ വിവാഹത്തെ തുടര്‍ന്ന് കൂട്ടിക്കൊണ്ടുപോയി പുലിക്കുന്ന് ടൗണ്‍ ഹാളിന് സമീപത്ത് വച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ചട്ടഞ്ചാല്‍ ജന്നത്തുല്‍ ഫിര്‍ദൗസ് ഹൗസില്‍ ഇക്കു എന്ന മുഹമ്മദ് ഇക്ബാല്‍, തളങ്കരയിലെ ജാക്കി ഹനീഫ എന്ന മുഹമദ് ഹനീഫ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
മറ്റു പ്രതികളായ തായലങ്ങാടി മാളിക വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍, ചെങ്കള, മുട്ടത്തൊടി എ എം മുഹമ്മദ്, ഉപ്പള മണ്ണങ്കുഴിയിലെ ഹാജി മലങ്ക് അബൂബക്കര്‍ എന്നിവവരെയാണ് വെറുതെ വിട്ടത്. ഇക്ബാലും മുഹമ്മദ് ഹനീഫും ചേര്‍ന്ന് ബാലകൃഷ്ണനെ കാറില്‍ കയറ്റി കൊണ്ടുപോയി പുലിക്കുന്ന് ചന്ദ്രഗിരി പുഴ കടവത്തിനു സമീപത്തു വച്ചു കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ പിതാവ് റിട്ട. തഹസില്‍ദാര്‍ വിദ്യാനഗര്‍ പടുവടുക്കയിലെ ഗോപാലന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് വിട്ടത്.

RELATED STORIES

Share it
Top