17 വര്‍ഷത്തിനു ശേഷം ലീഗ് കിരീടം : ചരിത്രമെഴുതി മൊണാകോമൊണാകോ: ലീഗ് ചാംപ്യന്‍ഷിപ്പുകള്‍ കലാശിക്കുമ്പോള്‍ ഫ്രഞ്ച് മണ്ണില്‍ പുതുചരിത്രമെഴുതി മൊണാകോ. 17 വര്‍ഷങ്ങള്‍ക്കു ശേഷം ലീഗ് കിരീടം നേടി മൊണാകോ ചരിത്രത്തില്‍ ഇടംപിടിക്കുകയായിരുന്നു. പിഎസ്ജിയുടെ ആധിപത്യം അവസാനിപ്പിച്ചാണ് ലിയാനര്‍ഡോ ജാര്‍ഡിമും സംഘവും ലീഗ് സ്വന്തമാക്കിയത്. ഇന്നലെ സെന്റ് എറ്റീനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തോല്‍പിച്ചാണ് മൊണാകോ കപ്പ് ഉറപ്പിച്ചത്. 37 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മൊണാക്കോയ്ക്ക് 92ഉം പിഎസ്ജിക്ക് 86ഉം പോയിന്റ് ആണ് ഉള്ളത്. സെന്റ് എറ്റീനെതിരായ മല്‍സരത്തില്‍ 19ാം മിനിറ്റില്‍ തന്നെ ഗോള്‍ അക്കൗണ്ട് തുറന്നത് എംബാപ്പെയായിരുന്നു. ക്യാപ്റ്റന്‍ റഡാമെല്‍ ഫാല്‍കോയുടെ പാസിലായിരുന്നു ഗോള്‍. ഇഞ്ച്വറി ടൈമിലാണ് രണ്ടാംഗോള്‍ പിറന്നത്. വലെറെ ജെര്‍മെയ്‌നാണ് മൊണാകോയ്ക്ക് ആവേശ ഗോള്‍ സമ്മാനിച്ചത്. ചരിത്രത്തില്‍ കുറിക്കേണ്ട തിരിച്ചുവരവാണ് മൊണാകോയുടേത്. 2010-11 സീസണില്‍ ലീഗ് വണ്ണില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട ടീമാണ് മൊണാകോ. ആ സീസണില്‍ ആകെ 44 പോയിന്റായിരുന്നു അവരുടെ സമ്പാദ്യം. പിറ്റേവര്‍ഷം പതിയെ തിരിച്ചുവരവ് നടത്തിയ മൊണാകോ, ലീഗ് 2ല്‍ ചാംപ്യന്‍മാരായി. ഈ സീസണില്‍ പ്രധാന ലീഗില്‍ തിരിച്ചെത്തി, പിഎസ്ജിക്ക് കനത്ത വെല്ലുവിളിയായി മൊണാകോ. 4 ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയ പിഎസ്ജിയെ മലര്‍ത്തിയടിച്ചാണ് ഇത്തവണ മൊണാകോ കപ്പ് ഉയര്‍ത്തിയത്. ഈ സീസണില്‍ ആകെ മൂന്ന് മല്‍സരങ്ങളില്‍ മാത്രമാണ് മൊണാകോ തോല്‍വിയറിഞ്ഞിട്ടുള്ളത്. ഫാല്‍കാവോയുടെയും എംബാപ്പയുടെയും കിടിലന്‍ ഫോമും മധ്യനിരയില്‍ ബെര്‍ണാണ്ടോ സില്‍വയുടെയും ബൊക്കോയോകോയുടെയും പിന്തുണയും ആണ് മൊണാകോയ്ക്ക് ജീവന്‍ വയ്പ്പിച്ചത്. ലിയാനാഡോ ജാര്‍ഡിം എന്ന പോര്‍ച്ചുഗീസുകാരന്‍ പരിശീലകന്റെ തന്ത്രങ്ങളും ചേര്‍ന്നതോടെ നേട്ടങ്ങള്‍ അവരെ തേടിയെത്തി.

RELATED STORIES

Share it
Top