17 ബാങ്കുകളില്‍ നിന്ന് 3000 കോടി

മുംബൈ: ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പിന്റെ വ്യാപ്തിയും വിശദാംശങ്ങളും ഞെട്ടിക്കുന്നതാണ്. പഞ്ചാബ് നാഷനല്‍ ബാങ്ക് നല്‍കിയ ജാമ്യപത്രത്തിന്റെ ഈടില്‍ നിമോ നീരവ് മോദി 11,343 കോടി തട്ടിച്ചെന്നാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിവരം.
ഇതില്‍ ആക്‌സിസ് ബാങ്ക്, അലഹബാദ് ബാങ്ക്, യൂനിയന്‍ ബാങ്ക് എന്നിവര്‍ പിഎന്‍ബി നല്‍കിയ ജാമ്യപത്രത്തിന്റെ ബലത്തില്‍ നല്‍കിയത് 7000 കോടി. ഇതു കൂടാതെ ഇതേ മാതൃകയില്‍ ജാമ്യപത്രത്തിന്റെ ബലത്തില്‍ 17 ബാങ്കുകളില്‍ നിന്നായി 3000 കോടിയും നീരവ് അടിച്ചെടുത്തു. നീരവ് മോദിയുടെ വിവിധ കമ്പനികള്‍ക്കാണ് ഇത്രയും തുക വായ്പ നല്‍കിയത്. ഇതില്‍ സെന്‍ട്രല്‍ ബാങ്ക് (150.15കോടി), ബാങ്ക് ഓഫ് ഇന്ത്യ(127കോടി), സിന്‍ഡിക്കേറ്റ് ബാങ്ക്(125കോടി), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്(120), യൂനിയന്‍ ബാങ്ക് (110 കോടി), ഐഡിബിഐ ബാങ്ക്(100കോടി), അലഹബാദ് ബാങ്ക് (100 കോടി) എന്നീ ബാങ്കുകള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കും കണ്‍സോര്‍ഷ്യമായും 1980 കോടി നീരവിന്റെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷനലിന് നല്‍കി എന്നാണ് 2015 ജൂണിലെ രേഖയെ അടിസ്ഥാനമാക്കി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട്.
നീരവിന്റെയും ബന്ധുക്കളുടെയും കമ്പനികള്‍ക്ക് 2011-2017 കാലത്ത് 150 ജാമ്യപത്രം അനുവദിച്ച് കിട്ടുകയും ഇത് മറയാക്കി 11,000 കോടി പിഎന്‍ബിയുടെ ജാമ്യത്തില്‍ വിവിധ ബാങ്കുകളുടെ വിദേശശാഖകളില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നീരവിന്റെ ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ 500 കോടി രൂപയുടെ നികുതി വെട്ടിച്ചതിന്റെ രേഖകള്‍ കണ്ടെടുത്തതായി റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top