17കാരിയുടെ ആത്മഹത്യ; യുവതി അറസ്റ്റില്‍

തൊടുപുഴ: നടുക്കണ്ടത്തു 17കാരി ജീവനൊടുക്കിയ സംഭവത്തില്‍ കോലാനി വാഴക്കാലായില്‍ ദീപ അനൂപി (32)നെ കരിങ്കുന്നം എസ്‌ഐ നാസര്‍ പി എസിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു യുവതി പിടിയിലായത്. കേസിലെ മുഖ്യ പ്രതി ഉടുമ്പന്നൂര്‍ പരീക്കല്‍ അജിത്ത് ഷാജി (26)യെ പിടികൂടാനുണ്ടെന്നും ഇയാള്‍ വിദേശത്തേക്കു കടന്നതായി സൂചനയുെണ്ടന്നും പോലിസ് പറഞ്ഞു. കഴിഞ്ഞ ജൂലൈ 28നാണു പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി താമസിക്കുന്ന വീടിന് മുകള്‍ നിലയിലാണു പ്രതി ദീപ താമസിച്ചിരുന്നത്. ഇവര്‍ കരിമണ്ണൂരിലെ ആശുപത്രിയിലെ ജോലിക്കാരിയാണ്. ബസ് ഡ്രൈവറായ അജിത്ത് ഷാജിയുമായി ദീപയ്ക്ക് അടുപ്പമുണ്ട്. ദീപയുടെ സഹായത്തോടെ അജിത്ത് പെണ്‍കുട്ടിയുമായി അടുത്തു. തന്റെ വീട്ടിലും കരിമണ്ണൂരിലും അജിത്തിനു പെണ്‍കുട്ടിയുമായി സംഗമിക്കാനുള്ള സാഹചര്യം ദീപ ഒരുക്കിക്കൊടുത്തു. ഇതിനിടെ സഹപാഠിയായ യുവാവ് പെണ്‍കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇതേച്ചൊല്ലി അജിത്തും ദീപയും പെണ്‍കുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. മൊബൈല്‍ ഫോണിലെ തെളിവുകളില്‍ നിന്ന് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്ന് പോലിസ് സൂചിപ്പിച്ചു. ഇരുവരെയും കൂടാതെ വേറെയും പ്രതികള്‍ കേസിലുള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്. അറസ്റ്റിലായ ദീപയെ കോടതിയില്‍ ഹാജരാക്കി കാക്കനാട് വനിതാ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top