thrissur local

165 ഏക്കറിലധികമുള്ള പട്ടിക്കര കായല്‍ പാടശേഖരത്തില്‍ വീണ്ടും കൃഷിയിറക്കുന്നു

കേച്ചേരി: ചൂണ്ടല്‍ പഞ്ചായത്തിലെ പട്ടിക്കര കായല്‍ പാടശേഖരത്തില്‍ വീണ്ടും കൃഷിയിറക്കുന്നു. പഞ്ചായത്ത് ഭരണസമിതിയും കൃഷി വകുപ്പും കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കൃഷിയിറക്കുന്നതിന് തീരുമാനമായത്. 165 ഏക്കറിലധികം വിസൃതിയുള്ള പാടശേഖരത്തില്‍ കുറേയേറെ വര്‍ഷമായി കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നില്ല.
പാടശേഖരത്തില്‍ വെള്ളം ഉയരുന്നതിനാല്‍ കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായത്. സര്‍ക്കാര്‍ പദ്ധതിയായ ഹരിത കേരളത്തില്‍ ഉള്‍പ്പെടുത്തി തരിശ് കിടക്കുന്ന കൃഷിഭൂമികളില്‍ കൃഷിയിറക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരുമായി പഞ്ചായത്ത് ഭരണാധികാരികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചകള്‍ വിജയം കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും കൃഷി നടത്താന്‍ തീരുമാനിച്ചത്. കര്‍ഷകര്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പാടശേഖരത്തില്‍ കൃഷി വിജ്ഞാന്‍ കേന്ദ്രയിലെ ഉന്നത ഉ—ദ്യോഗസ്ഥരായ ഡോ. ബിനു പി ബോണി, ഡോ. പ്രേമ സന്ദര്‍ശനം നടത്തി. കൃഷി ഇറക്കുന്നതിന്റെ ഭാഗമായി കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്തു. ജൂണ്‍ 18ന് മണ്ണ് പരിശോധന നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ നൂറ് ഏക്കറില്‍ ജൂണ്‍ അവസാനത്തില്‍ വിത്തിറക്കും.
ഓണത്തിന് മുന്‍പായി ഞാറ് പറിച്ച് നടുകയും ഡിസംബര്‍ മാസത്തില്‍ കൊയത്തും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്ന ഉദ്യമത്തിനാണ് ഭരണാധികാരികളും കൃഷി വകുപ്പും കൈകോര്‍ത്തിരിക്കുന്നത്. കര്‍ഷകരുമായുള്ള ചര്‍ച്ചക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം, പഞ്ചായത്ത് അംഗങ്ങളായ പി കെ സുഗതന്‍, ടി എ മുഹമ്മദ് ഷാഫി, കൃഷി ഓഫിസര്‍ എസ് സുമേഷ്, ആസൂത്രണ സമിതി അംഗങ്ങളായ പി കെ രാജന്‍ മാസ്റ്റര്‍, സി എഫ് ജെയിംസ്, പി കെ വത്സന്‍, പാടശേഖര സമിതി ഭാരവാഹികളായ അബുബക്കര്‍ ഹാജി, കെ ഉമ്മര്‍, കര്‍ഷക സംഘടനപ്രതിനിധികള്‍ നതൃത്വം നല്‍കി.
Next Story

RELATED STORIES

Share it