അഞ്ച് ദിവസത്തിനിടെ 16 വിധികള്‍; പടിയിറങ്ങാനൊരുങ്ങി ദീപക് മിശ്രന്യൂഡല്‍ഹി: ദയവ് ചെയ്ത് മനസ്സിലാക്കാന്‍ ശ്രമിക്കുക, എന്ന ആ വാക്കുകള്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഒന്നാം നമ്പര്‍ കോടതിയില്‍ ഇനി ഏഴ് ദിവസം മാത്രം. സുപ്രധാന വിധികളിലൂടെയും അതിലുപരി വിവാദങ്ങളിലൂടെയും ശ്രദ്ധേയനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ 2ന് സ്ഥാനമൊഴിയും. ചീഫ് ജസ്റ്റിസ് നിരന്തരം ആവര്‍ത്തിക്കുന്ന ആ വാക്കുകള്‍ അഭിഭാഷകരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള മിടുക്കിന്റെ ഭാഗമായിരുന്നു.

ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരക്കിട്ട പണികളിലാണ്. ബാക്കിയുള്ള പല വിധികള്‍ക്കും അന്തിമരൂപം നല്‍കാനുള്ള പണികള്‍. ഇന്നു മുതല്‍ ആറ് ദിവസത്തിനിടെ 16 കേസുകളിലാണ് അദ്ദേഹം വിധി പറയാനൊരുങ്ങുന്നത്. രാജ്യത്തിന്റെ ഭാവിയില്‍ നാഴികക്കല്ലാവുന്ന ആ വിധികള്‍ ഇവയാണ്.

1. 2016ല്‍ നിയമമാക്കിയ ആധാറിന്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിക്കുന്ന ഹരജികള്‍- 38 ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം മെയ് 10ന് വിധിപറയാന്‍ മാറ്റിവച്ച കേസ്

2. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നിയമം റദ്ദാക്കണമെന്ന ഹരജി- ഇതുവരെയുള്ള സൂചന പ്രകാരം ഹരജിക്കാരന് അനുകൂലമായ വിധി ലഭിക്കാനാണ് സാധ്യത.

3. വിവാഹേതര ബന്ധം കുറ്റകൃത്യമാക്കുന്ന ഐപിസിയിലെ 497ാം വകുപ്പ് റദ്ദാക്കണമെന്ന ഹരജി- ഐപിസി 497 ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 497ാം വകുപ്പ് റദ്ദാക്കുമെന്ന കാര്യം ഏറെക്കുറെ തീര്‍ച്ചയായിട്ടുണ്ട്. ആഗസ്ത് 1നാണ് കേസ് വിധി പറയാന്‍ മാറ്റിയത്.

4. ജോലിക്കയറ്റത്തില്‍ സംവരണം- 2006ലെ എം നാഗരാജ് കേസ് വിധി വിശാല ബെഞ്ചിന് വിടണോ എന്ന കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കും. പട്ടിക വിഭാഗങ്ങളുടെ ജോലി പ്രമോഷനില്‍ പിന്നാക്കാവസ്ഥ, പ്രാതിനിധ്യം, കഴിവ് എന്നിവ പരിഗണിക്കണമെന്നായിരുന്നു നാഗരാജ് കേസിലെ വിധി.

5. ബാബരി മസ്്ജിദ് കേസ്- ഇസ്്മാഈയില്‍ ഫാറൂഖി വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ 1994ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി വിശാല ബെഞ്ചിന് വിടണോ എന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. ഇസ്്മാഈല്‍ ഫാറൂഖി കേസില്‍ മസ്്ജിദുകള്‍ ഇസ്്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന തീരുമാനമെടുത്തിരുന്നു. ഈ നിരീക്ഷണം ബാബരി മസ്്ജിദിന്റെ ഉടമസ്ഥാവകാശ കേസിനെ സ്വാധീനിക്കുമെന്നതിനാല്‍ വിശാല ബെഞ്ചിന് വിടണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.

6. രാഷ്ടീയത്തിലെ ക്രിമനല്‍വല്‍ക്കരണം- ക്രിമിനല്‍ കേസ് നേരിടുന്നവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന ഹരജി. ഇന്ന് പരിഗണിച്ച ഹരജിയില്‍ ഇക്കാര്യത്തില്‍ നിയമം നിര്‍മിക്കേണ്ടത് പാര്‍ലമെന്റാണെന്നായിരുന്നു വിധി.

7. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്- ഭീമ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തേ നടത്തിയ നിരീക്ഷണങ്ങള്‍ മൂന്നംഗ ബെഞ്ച് അന്തിമ വിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ജനാധിപത്യത്തിന്റെയും എതിരഭിപ്രായം ഉയര്‍ത്താനുള്ള സ്വാതന്ത്ര്യത്തിന്റെയും വിജയമായിരിക്കും. അഭിപ്രായ ഭിന്നത ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണെന്ന് നേരത്തേ കേസ് പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടിരുന്നു.

8. കോടതി നടപടികള്‍ ലൈവ് സംപ്രേക്ഷണം ചെയ്യാനുള്ള നിര്‍ദേശം- ആഗസ്ത് 24ന് വിധി പറയാന്‍ മാറ്റിയ കേസ്.

9. നിയമബാഹ്യ സംഘങ്ങളുടെ ഗുണ്ടായിസം തടയാനുള്ള മാര്‍ഗനിര്‍ദേശം- കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹരജിയില്‍ അപ്രതീക്ഷിതമായി കേന്ദ്രം അനുകൂല നിലപാടെടുത്തിരുന്നു. ആഗസ്ത് 10നാണ് കേസ് പരിഗണിച്ചത്.

10. അസീര്‍ ജമാല്‍ വേഴ്‌സസ് യൂനിയന്‍ ഓഫ് ഇന്ത്യ- വിവരങ്ങള്‍ കാഴ്ച്ചാ, കേള്‍വി പരിധിയുള്ളവര്‍ക്കും, ഹിന്ദി ഭാഷ വശമില്ലാത്തവര്‍ക്കും ലഭ്യമാവും വിധം വിവരാവകാശ നിയമം ഭേദഗതി ചെയ്യണമെന്നതാണ് ആവശ്യം.

11. ജനപ്രതിനിധികള്‍ അഭിഭാഷകവൃത്തി ചെയ്യുന്നത്് ചോദ്യം ചെയ്യുന്ന ഹരജി- വേതനം വാങ്ങുന്ന ജീവനക്കാര്‍ അഭിഭാഷകരാവുന്നത് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തടയുന്നുണ്ടെന്നും അത് ജനപ്രതിനിധികള്‍ക്കും ബാധകമാക്കണമെന്നുമാണ് ബിജെപി ഭാരവാഹിയായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയിലെ ആവശ്യം.

12. അഹ്മദ് പട്ടേലിന്റെ രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്- അഹ്്മദ് പട്ടേല്‍ 2017ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോവാനുള്ള ഹൈക്കോടതി വിധിക്കെതിരേ പട്ടേല്‍ നല്‍കിയ ഹരജി.

ഇവയ്ക്ക് പുറമേ, യൂനിയന്‍ ഓഫ് ഇന്ത്യ വേഴ്‌സസ് ഹാര്‍ഡി എക്‌സ്‌പ്ലൊറേഷന്‍, ഉത്തരാദി മഠ് വേഴ്‌സസ് രാഘവേന്ദ്ര സ്വാമി മഠ്, യൂനിയന്‍ ഓഫ് ഇന്ത്യ വേഴ്‌സസ് ഇ കൃഷ്ണ റാവു, കോള്‍ ഇന്ത്യ ലിമിറ്റഡ് വേഴ്‌സസ് നവീന്‍ കുമാര്‍ സിങ് തുടങ്ങിയ കേസുകളിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കും മുമ്പ് തീരുമാനമെടുക്കുക.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top