16 ലക്ഷം വിവിപാറ്റ് മെഷീനുകള്‍ വാങ്ങാനൊരുങ്ങി തിര.കമ്മീഷന്‍

ബംഗളൂരു: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്  തയ്യാറെടുക്കുന്നതിന്റെ ഭാഗമായി, 16.15 ലക്ഷം വിവിപാറ്റ് മെഷീനുകള്‍ നിര്‍മിക്കാന്‍ ഭാരത് ഇലക്‌ട്രോണിക്‌സിനും (ഭെല്‍) ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
മതിയായ വോട്ടിങ് മെഷീനുകളുണ്ടെന്നാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടിരുന്നത്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത വ്യാപകമായി ചോദ്യം ചെയ്യപ്പെടുകയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രത്തിനെതിരേ രംഗത്തു വരികയും ചെയ്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നീക്കം.
ആറ് മാസത്തിനുള്ളില്‍ ഇവ നിര്‍മിച്ച് നല്‍കണമെന്നാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. സപ്തംബറിനുള്ളില്‍ ഈ കമ്പനികള്‍ 16.15 ലക്ഷം വിവിപാറ്റ് മെഷീനുകള്‍ നിര്‍മിക്കണം.
2,616 കോടി രൂപയാണ് ഇതിന്റെ വില. ഓരോ വിവിപാറ്റ് മെഷീനുകള്‍ക്കും ഏകദേശം 16,200 രൂപയോളം വരും. ഇതിനു പുറമെ മെഷീനുകളുടെ ഗതാഗതച്ചെലവ് അനുവദിക്കും.
എന്നാല്‍ വോട്ടിങ് യന്ത്രങ്ങളെയും വിവിപാറ്റുകളെയും പറ്റി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ത്തിയ എല്ലാ സംശയങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാകരിച്ചിരുന്നു.
വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പല സാഹചര്യങ്ങളിലായി വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരേ ഉയര്‍ത്തിയ സംശയങ്ങള്‍ ഒന്നുംതന്നെ തെളിയിക്കപ്പെട്ടിട്ടില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനര്‍ ഒ പി റാവത്ത് വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top