16 ആടുകള്‍ ദുരൂഹസാഹചര്യത്തില്‍ ചത്തൊടുങ്ങി

കൊല്ലങ്കോട്: വെള്ളാരംകടവ് കാട്ടുപതി കോളനിയില്‍ 16 ആടുകള്‍ ദുരൂഹസാഹചര്യത്തില്‍ ചത്തൊടുങ്ങി. കാട്ടുപതി ആദിവാസി കോളനിയിലെ ശരവണന്റെ ഒന്‍പത് ആടുകളും കുമാരന്റെ മൂന്ന് ആടുകളും വെള്ളയന്റെ നാല് ആടുകളുമാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആയി വീടുകളിലെ ആട്ടിന്‍ തൊഴുത്തില്‍ ചത്തൊടുങ്ങിയത്.
ചുള്ളിയാര്‍ ഡാമിലും പരിസരപ്രദേശങ്ങളിലും മേച്ചില്‍പുറങ്ങളില്‍ നിന്നും തിരിച്ച് വീടുകളില്‍ എത്തിച്ച ആടുകളാണ് ചത്തത്. മാവിന്‍ തോട്ടങ്ങള്‍ക്കു സമീപത്തുള്ള ചുള്ളിയാര്‍ ഡാമിന്റെ പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആടുകളെ മേച്ചതെന്ന് കോളനിവാസികള്‍ പറഞ്ഞു.
തീറ്റതേടിയിറങ്ങിയ ആടുകള്‍ തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ വയര്‍ വീര്‍ക്കുകയും ഓരോന്നായി ചത്തൊടുങ്ങുകയുമാണുണ്ടായതെന്ന് കോളനിവാസിയായ കുമാരന്‍ പറയുന്നു. ചിലത്തടുകള്‍ക്ക് വായില്‍ നിന്നും വെളുത്ത ശ്രവം ഉണ്ടായിരുന്നു. മൃഗസംരക്ഷണ വകുപ്പ് പാലക്കാട് ജില്ല എപ്പിഡമോളജിസ്റ്റ് ഡോ. സുമയുടെ നേതൃത്വത്തിലുള്ള സംഘം കാട്ടുപതി കോളനിയിലെത്തി മൂന്ന് ആടുകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആടുകളുടെ ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് കൊണ്ടുപോയി.
വിഷം അകത്തുചെന്നാണ് അടുകള്‍ ചത്ത തെന്ന് പ്രാഥമിക പരിശോധനയില്‍ അറിഞ്ഞതായും വിശദ്ധമായ പരിശോധനക്കു ശേഷം ഫലം അറിയുമെന്ന് മൃഗഡോക്ടര്‍മാര്‍ പറഞ്ഞു.ആടുകള്‍ മേഞ്ഞിരുന്ന ചുള്ളിയാര്‍ ഡാമിനു സമീപത്തുള്ള മാവിന്‍ തോട്ടത്തില്‍ രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് മാവിന് കീടനാശിനി തളിച്ചിരുന്നതായി കോളനിവാസികള്‍ പറഞ്ഞു.
മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗം കണ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഉദേ്യാഗസ്ഥരായ ജൈസി കെ ജി, ജോബി ജോണ്‍ ,അമ്പിളി, ജൈസിങ്ങ് എന്നിവരടങ്ങുന്ന സംഘമാണ് ഡോക്ടര്‍മാരോടൊപ്പം എത്തിയിരുന്നത്.

RELATED STORIES

Share it
Top