Flash News

16 ഐഎഎസുകാര്‍ക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍



തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പിന്റെ തലപ്പത്തുള്ള 16 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസുണ്ടെന്ന് വിവരാവകാശ രേഖ. എന്നാല്‍ അഴിമതികളിലും ക്രമക്കേടുകളിലും ബന്ധമുണ്ടെന്നു കണ്ടെത്തിയ ഇവരില്‍ പലരും ഉന്നത ഉദ്യോഗസ്ഥരായി തുടരുകയാണ്. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഇതില്‍ പല ഉന്നത ഐഎഎസ് ഓഫിസര്‍മാരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും ഇല്ലെങ്കില്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സര്‍ക്കാരിന് റിപോര്‍ട്ട് ചെയ്തിരുന്നെങ്കിലും തുടര്‍നടപടി സ്വീകരിച്ചിരുന്നില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ടോം ജോസ്, കെ എം എബ്രഹാം, പോള്‍ ആന്റണി എന്നിവരുള്‍പ്പെടെയുള്ള 16 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് നിലവില്‍ ഐഎഎസ് കാഡറില്‍ 142 ഓഫിസര്‍മാരുണ്ട്. 89 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും സീനിയോറിറ്റി മറികടന്നും ആര്‍ക്കും ഐഎഎസ് പ്രമോഷന്‍ സെലക്ഷന്‍ നല്‍കിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ടി ഒ സൂരജ്, സുമതി എന്‍ മേനോന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, ഇതുവരെ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടിട്ടില്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നു.  പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണു നിയമപ്രകാരം രേഖകള്‍ സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it