16കാരനെ അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവംഎസ്‌ഐ 22,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ആലുവ: 16കാരനെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ എസ്‌ഐയോട് നഷ്ടപരിഹാരം നല്‍കാന്‍ ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവ്. ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ ആയിരുന്ന ആന്റണി ജോസഫ് നെറ്റോക്കെതിരെയാണ് 22,000 രൂപ പിഴ വിധിച്ചുകൊണ്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവിട്ടത്.
എസ്‌ഐക്കെതിരേ ക്രിമിനല്‍ കേസുകള്‍ ചുമത്തി കേസെടുക്കാനും എറണാകുളം സിറ്റി പോലിസ് കമ്മീഷണറോട് കമ്മീഷന്‍ നിര്‍ദേശിച്ചു. വരാപ്പുഴയിലെ ഹര്‍ത്താല്‍ ദിനത്തില്‍ പിഞ്ചു കുഞ്ഞിന് ചികില്‍സ നിഷേധിക്കുകയും വഴിയാത്രക്കാരായ പെണ്‍കുട്ടികളെ അസഭ്യം പറയുകയും ചെയ്തവര്‍ക്കെതിരെയുള്ള കേസും കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. കഴിഞ്ഞവര്‍ഷം ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം. ഫോര്‍ട്ട്‌കൊച്ചിയില്‍ സൈക്കിളില്‍ വരികയായിരുന്ന ഡേവിഡിന്റെ മകന്‍ എഡ്വിന്‍ ഡേവിഡിനെ ആന്റണി ജോസഫ് നെറ്റോ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു. തുടര്‍ന്ന് എഡ്വിന്‍ എട്ടുദിവസം കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞു. ഇത് ചൂണ്ടിക്കാണിച്ച് എഡ്വിന്റെ പിതാവ് പരാതിനല്‍കിയതിനെ തുടര്‍ന്ന് നെറ്റോയെ മരട് സൗത്ത് പോലിസ് സ്‌റ്റേഷനിലേക്കു സ്ഥലംമാറ്റുകയും കേസെടുക്കുകയും ചെയ്തു.
എന്നാല്‍ വളരെ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ഡേവിഡ് ആരോപിക്കുന്നു. തുടര്‍ന്നാണ് ഡേവിഡ് ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരെയും എസ്‌ഐയെയും ഒരുമിച്ചിരുത്തി കമ്മീഷന്‍ വാദം കേട്ടു. സംഭവത്തില്‍ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പു സെക്രട്ടറി പെെട്ടന്നു തന്നെ തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. എസ്‌ഐക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരവും കുട്ടികളുടെ അവകാശസംരക്ഷണ നിഷേധവും ഉള്‍പ്പെടുത്തി കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹര്‍ത്താലില്‍ അക്രമം നടത്തിയ സംഭവത്തില്‍ 50പേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ ചെറിയ കുട്ടിയുമായി ആശുപത്രിയിലേക്ക് പോവുംവഴി കാര്‍ തടഞ്ഞുനിര്‍ത്തി കാര്‍ ഡ്രൈവര്‍ മാഞ്ഞാലി സ്വദേശി ഷാഫിയെ മര്‍ദിച്ച കേസിലാണ് 50 ആര്‍എസ്എസുകാര്‍ക്കെതിരേ വരാപ്പുഴ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടാതെ ഹര്‍ത്താല്‍ ദിനത്തില്‍ വഴിയാത്രക്കാരായ പെണ്‍കുട്ടികളെ അസഭ്യംപറഞ്ഞവര്‍ക്കെതിരെയും കമ്മീഷന്‍ കേസെടുത്തു. വുമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രവര്‍ത്തക കദീജ നല്‍കിയ പരാതിയിലാണ് കേസ്.
വടക്കേക്കരയില്‍ അടുത്തിടെ ലഘുലേഖ വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ച കേസിലെ സ്റ്റാറ്റസ് റിപോര്‍ട്ടും പോലിസ് കമ്മീഷന് സമര്‍പ്പിച്ചു.

RELATED STORIES

Share it
Top