152 കുടുംബങ്ങളുടെ പുനരധിവാസ പദ്ധതികള്‍ക്ക് അന്തിമരൂപമായി: മന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ച 39 മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും കടലില്‍ കാണാതായ 113 മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കാന്‍ നടപടികളായതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
ഓഖി പുനരധിവാസ പാക്കേജിന് അന്തിമരൂപം നല്‍കുന്നതിന് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ശില്‍പശാലയിലെ ചര്‍ച്ചകള്‍ എകോപിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുള്ള 22 ലക്ഷം രൂപയുടെ ധനസഹായം വിവിധ കേന്ദ്രങ്ങളിലായി വിതരണം ചെയ്യുകയാണ്. 25 കുടുംബങ്ങള്‍ക്ക് തുക നല്‍കി. കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ വീതം ഡിസംബര്‍ മുതല്‍ മൂന്ന് മാസം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ഇവരെ കണ്ടെത്താന്‍ ഫിഷറീസ്-റവന്യൂ വകുപ്പുകളുടെയും പോലിസിന്റെയും സഹായത്തോടെ വിവിധ മേഖലകളില്‍ അന്വേഷണം നടക്കുന്നുണ്ട്.
ഇവരെ കണ്ടെത്താനായില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരും കാണാതായതുമായ മല്‍സ്യത്തൊഴിലാളികളുടെ കുടുംബം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സര്‍ക്കാര്‍ സമാഹരിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ പുനരധിവാസ പദ്ധതികളും തയ്യാറാക്കുന്നുണ്ട്.
പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അതില്‍ ഉരുത്തിരിയുന്ന പൊതുനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിവരുന്ന ദുരിതാശ്വാസ പദ്ധതികളുമായി സംയോജിപ്പിച്ച് കൂടുതല്‍ പ്രാവര്‍ത്തികമാക്കാനുമായിരുന്നു ശില്‍പശാല.
ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, എംഎല്‍എമാരായ കെ ആന്‍സലന്‍, വി എസ് ശിവകുമാര്‍, എം വിന്‍സന്റ്, മേയര്‍ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, പീറ്റര്‍, ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര, ഫാ. ഷാജി, റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി ശ്രീനിവാസ്, ഫിഷറീസ് ഡയറക്ടര്‍ എസ് വെങ്കിടേസപതി, ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി സംസാരിച്ചു.
Next Story

RELATED STORIES

Share it