Alappuzha local

150.30 ക്വിന്റലോളം ഭക്ഷ്യധാന്യം വീണ്ടും കരിഞ്ചന്തക്കാരുടെ കൈകളിലേക്ക്

അമ്പലപ്പുഴ: അനധികൃതമായി കടത്തിയ റേഷന്‍ ഭക്ഷ്യധാന്യം ഉപയോഗപ്രദമല്ലെന്ന് സിവില്‍ സപ്ലൈസ്. 130 ക്വിന്റലോളം അരിയും 21 ക്വിന്റലോളം ഗോതമ്പും വീണ്ടും കരിഞ്ചന്തക്കാരുടെ കൈകളിലേക്ക്. ഇപ്പോള്‍ അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന അരിയും ഗോതമ്പുമാണ് ഉപയോഗശൂന്യമെന്ന് സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ മാസം 6ന് പുറക്കാട് ഭാഗത്തു വെച്ചാണ് ഹൈവേ പോലീസ് 113 ചാക്ക് ആരിയും 8 ചാക്ക് ഗോതമ്പും പിടികൂടിയത്.കരുനാഗപ്പള്ളിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് ലോറിയില്‍ കടത്തിയ ഭക്ഷ്യധാന്യമാണ് പോലീസ് പിടികൂടിയത്.ഈ കേസില്‍ ലോറി െ്രെഡവറെ അറസ്റ്റു ചെയ്ത് റിമാന്റിലാക്കിയിരുന്നു.ഇതിനു ശേഷം 8ാം തിയ്യതി റേഷന്‍ കരിഞ്ചന്തക്കാര്‍ കുടിപ്പക തീര്‍ക്കാനായി നീര്‍ക്കുന്നംഭാഗത്തു വെച്ച് ലോറി തടഞ്ഞ് പരസ്പരം ഏറ്റുമുട്ടിയിരുന്നു.സംഘര്‍ഷത്തിനിടെ 155 ചാക്ക് അരിയും 35 ചാക്ക് ഗോതമ്പും വീണ്ടും പിടികൂടിയിരുന്നു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. പിന്നീട് ഈ സാധനങ്ങള്‍ സ്‌റ്റേഷനില്‍ സൂക്ഷിക്കുകയായിരുന്നു.രണ്ട് തവണയായി പിടികൂടിയ 13,400 കിലോ അരിയും 2,150 കിലോ ഗോതമ്പും ഭക്ഷ്യയോഗ്യമല്ലെന്നാണ് ഇപ്പോള്‍ സിവില്‍ സപ്ലൈസ് പറയുന്നത്.താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചതിനു ശേഷം ക്വാളിറ്റി കണ്‍ട്രോളറും ഇവ പരിശോധിച്ചിരുന്നു.ഇതിനു ശേഷം കോടതിയില്‍ നിന്ന് റേഷന്‍ ഭക്ഷ്യധാന്യം താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് തിരികെ നല്‍കാനായി അമ്പലപ്പുഴ എസ് ഐക്കും ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യം എടുത്തുകൊണ്ടുപോകാന്‍ എസ് ഐ ഒരാഴ്ച മുമ്പ് ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവരോടാവശ്യപ്പെട്ടെങ്കിലും ഇത് ഉപയോഗപ്രദമല്ലാത്തതിനാല്‍ നശിപ്പിക്കേണ്ടി വരുമെന്നാണ് സിവില്‍ സപ്ലൈസ് പറയുന്നത്. എന്നാല്‍ നശിപ്പിക്കാനെന്ന പേരില്‍ സ്‌റ്റേഷനില്‍ നിന്നെടുക്കുന്ന ഭക്ഷ്യധാന്യം വീണ്ടും കരിഞ്ചന്തക്കാര്‍ക്ക് തന്നെ കൈമാറാനുള്ള നീക്കമാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കൂടാതെ റേഷന്‍ധാന്യങ്ങള്‍ ഉപയോഗപ്രദമല്ലെന്ന് വരുത്തി തീര്‍ത്താല്‍ ഇവ നടത്തിയ പ്രതികള്‍ക്ക് രക്ഷ പെടാനും കഴിയും. അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ വെയിലും മഴയുമേല്‍ക്കാതെ പ്രത്യേകം ഷെഡിലാണ് പോലീസ് ഇത് സൂക്ഷിച്ചിരിക്കുന്നത്.നല്ല അരിയാണ് ഇതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും. എന്നാല്‍ ഇവ ഭക്ഷ്യയോഗ്യമല്ലെന്ന് വരുത്തി തീര്‍ത്ത് റേഷന്‍ കടത്തുകാര്‍ക്ക് തന്നെ കൈമാറാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it