150 ബോട്ടുകളെക്കുറിച്ച് വിവരമില്ല

മട്ടാഞ്ചേരി: സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട 150ഓളം ബോട്ടുകളെക്കുറിച്ച് യാതൊരു വിവരവുമില്ല.
ഇവരെ ബന്ധപ്പെടാന്‍ മാര്‍ഗവുമില്ലാത്തതിനാല്‍ മല്‍സ്യമേഖല ആശങ്കയിലാണ്. ഒമാന്‍ തീരത്തിനടുത്തുള്ള ഇന്ത്യന്‍ അതിര്‍ത്തിയിലാണ് ഈ ബോട്ടുകള്‍ ഉള്ളതെന്നാണ് വിവരം. എന്നാല്‍ ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള പ്രകൃതിക്ഷോഭത്തെ സംബന്ധിച്ച് ഇവരെ വിവരം അറിയിക്കാനോ തിരികെ എത്തിക്കുവാനോ ഉള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
കൊച്ചിയില്‍ നിന്നു പോയ 400 ഓളം ബോട്ടുകളില്‍ 100ഓളം ബോട്ടുകള്‍ ഹാര്‍ബറില്‍ തിരികെയെത്തി. രത്‌നഗിരി, ഗോവ, മഞപ്പാറ, വേരവല്ലി, ചെറിയപാനി, തുടങ്ങി ലക്ഷദ്വീപില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട മറ്റ് ബോട്ടുകള്‍ക്ക് സമീപത്തെ ഹാര്‍ബറുകളില്‍ കയറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒമാന്‍ കടലില്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ടുകളുമായി ബന്ധപ്പെടാന്‍ കഴിയാത്തതാണ് ആശങ്കയ്ക്ക് കാരണം.
കഴിഞ്ഞ മാസം പകുതിയോടെയാണ് ഈ ബോട്ടുകള്‍ കൊച്ചിയില്‍ നിന്നു പുറെപ്പട്ടത്. ഇനി നേവിയുടെ ഹെലികോപ്റ്ററിന് മാത്രമേ ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കൂ. ഓഖിയേക്കാല്‍ തീവ്രത ഇത്തവണയുണ്ടായേക്കാം എന്ന പ്രചാരണവും ആശങ്ക വര്‍ധിപ്പിക്കുന്നു. ബോട്ടുകള്‍ തിരികെയെത്താത്തത് സംബന്ധിച്ച് ഫിഷറീസ് അധികൃതരെയും നേവി, കോസ്റ്റ്ഗാര്‍ഡ്, ജില്ലാ ഭരണകൂടം എന്നിവരെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നുമായില്ലെന്ന് ലോങ് ലൈന്‍ ആന്റ് ഗില്‍നെറ്റ് ബയിങ് ഏജന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം മജീദ് പറഞ്ഞു.
കാണാതായ ബോട്ടുകളില്‍ 1800ഓളം തൊഴിലാളികളാണുള്ളത്. ഇവരുടെ ജീവന്‍ സംബന്ധിച്ച ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഓഖി ദുരന്തത്തില്‍ 100ലധികം തൊഴിലാളികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. 176 ബോട്ടുകളും നഷ്ടപ്പെട്ടു. ഇത് മല്‍സ്യമേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു.

RELATED STORIES

Share it
Top