150 കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ 150 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് വികസന സെമിനാറും ജില്ലാ പഞ്ചായത്ത് ഭരണസമിതിയും അംഗീകാരം നല്‍കി. 1,027 പ്രോജക്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 270 എണ്ണം ബഹു വര്‍ഷ പദ്ധതികളായി കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയതാണ്. 896 പൊതുവിഭാഗം പദ്ധതികളും 131 പട്ടികജാതി വിഭാഗം പദ്ധതികളും 6 പട്ടിക വര്‍ഗ പദ്ധതികളുമുണ്ട്. കാര്‍ഷിക മേഖലയ്ക്കാണ് ഏറ്റവും വലിയ പരിഗണന നല്‍കിയത്. കൃഷിക്കും ജലസേചനത്തിനുമായി 132 പദ്ധതികളുണ്ട്. 27 കനാല്‍, 26 കുളങ്ങള്‍, 14 വിസിബികള്‍, 16 തടയിണകള്‍, 5 ലിഫ്റ്റ് ഇറിഗേഷനുകള്‍ എന്നിവയ്ക്കായി 22 കോടി രൂപയും 5 കൃഷി ഫാമുകളുടെ നവീകരണത്തിനായി 3.59 കോടി രൂപയും വകയിരുത്തി.
നെല്‍കൃഷി കൂലി ചെലവ് സബ്‌സിഡി, പച്ചക്കറി കൃഷി, 32 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക്  ആഴ്ച ചന്തകള്‍, തരിശ് ഭൂമിയില്‍ കശുമാവ് കൃഷി, പ്രവാസികള്‍ക്ക് വ്യവസായ പാര്‍ക്ക്, ചാലിയാര്‍ പുഴയും കടലുണ്ടി പുഴയും പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ സാധ്യതാ പഠനം നടത്തല്‍, നെല്‍ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് സംഭരണവും സംസ്‌കരണവും, വനിതാ ഫാര്‍മേഴ്‌സ് ക്ലബ് രൂപീകരണം, ഒരു മീനും ഒരു നെല്ലും പദ്ധതി, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പൊതു ജലാശയങ്ങളുടെ സംരക്ഷണം, മോട്ടോര്‍ ഘടിപ്പിച്ച പരമ്പരാഗത വള്ളങ്ങള്‍ക്ക് ഇന്‍സുലേറ്റഡ് ഫിഷ് ഐസ് ഹോള്‍ഡിങ് ബോസ്, തുടങ്ങിയവയാണ് ഉല്‍പാദന മേഖലയിലെ പ്രധാന പരിപാടികള്‍, സേവന മേഖലയില്‍ പാര്‍പ്പിടം ആരോഗ്യം വിദ്യാഭ്യാസം ഉപമേഖലകള്‍ക്കാണ് മുന്‍ഗണന.
13.58 കോടി രൂപ ലൈഫ് പാര്‍പ്പിട പദ്ധതിക്ക് മാത്രംനീക്കിവച്ചു. വിജയഭേരി കൂടുതല്‍ ശക്തമായി തുടരും. 30 കുടിവെള്ള പദ്ധതികള്‍ക്ക് 3.20 കോടി വകയിരുത്തി.
ആരോഗ്യ മേഖലയില്‍ ജില്ലാ ആശുപത്രികളുടെ നവീകരണം, വൃക്ക മാറ്റിവച്ച രോഗികള്‍ക്ക് മരുന്ന്, വൃക്ക രോഗ നിര്‍ണയത്തിന് മൊൈബല്‍ ലാബ്, വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിന് ഉപകരണങ്ങള്‍, മൊൈബല്‍ മേര്‍മബിഡിറ്റ് മാനേജ്‌മെന്റ് ക്ലിനിക്ക് (മന്ത് രോഗ നിവാരണം) എച്ച്‌ഐവി ബാധിതര്‍ക്ക് പോഷകാഹാരം, കാന്‍സര്‍ രോഗ വ്യാപനത്തിനെതിരേ പ്രതിരോധം, പ്രചാരണം, ഭാരതപുഴ, കടലുണ്ടി പുഴ, ചാലിയാര്‍, കനോലി കനാല്‍, തിരൂര്‍ പുഴ, തൂതപുഴ, ഒലിപുഴ, കരിമ്പുഴ, വള്ളിയാര്‍ പുഴ, തുടങ്ങിയ പ്രധാന ജല സ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുന്നതിന് വിപുലമായ പരിപാടി, ജലത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിന് ബ്ലോക്ക് തലത്തില്‍ അനലിറ്റിക്കല്‍ ലാബ് തുടങ്ങിയ സേവന മേഖലയിലെ മൊത്തം പദ്ധതികള്‍ക്കായി 28.32 കോടി രൂപ വിനിയോഗിക്കുന്നതാണ്.
ഇതില്‍ ബഹുവര്‍ഷ പദ്ധതികളും ഉള്‍പ്പെടുന്നതാണ്. പട്ടികജാതി വികസനത്തിന് വേണ്ടി 131 പ്രോജക്റ്റുകളായി 22.15 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
വനിതകളുടെ ക്ഷേമത്തിനായി 46 പദ്ധതികളിലായി 7.81 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറാക്കി. ഇതില്‍ 3.05 കോടി രൂപ ബഹുവര്‍ഷ പദ്ധതികള്‍ക്കാണ്. പുതിയ പദ്ധതികള്‍ക്ക് 4.76 കോടി രൂപ വകയിരുത്തി. അങ്കണവാടികളോടനുബന്ധിച്ച് വനിതാശാക്തീകരണ പദ്ധതികള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വനിതകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍, വനിതാ കര്‍ഷക കൂട്ടായ്മകള്‍, ജില്ലാ ആസ്ഥാനത്ത് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍, പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന് കായിക പരിശീലനം, ടൗണുകളില്‍ വുമണ്‍ ഫ്രണ്ട്‌ലി കംഫര്‍ട്ട് സ്റ്റേഷനുകള്‍, കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂനിറ്റുകള്‍ക്ക് കെട്ടിടം, മെഷീനറികള്‍ തുടങ്ങിയവയാണ് വനിതാ ക്ഷേമ പദ്ധതികയിലെ പ്രധാന പരിപാടികള്‍.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഭിന്ന ശേഷിക്കാര്‍, വയോജനങ്ങള്‍, ശിശുക്കള്‍, ട്രാന്‍സ്ജന്റേഴ്‌സ്, പാലിയേറ്റീവ് പ്രവര്‍ത്തനം തുടങ്ങിയവയ്ക്കായി 6.06 കോടി രൂപയുടെ 22 പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി. പി വി അബ്ദുല്‍ വഹാബ് എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന് നല്‍കി ജില്ലാ കലക്ടര്‍ അമിത്മീണ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top