15 ലക്ഷത്തിന്റെ പാന്‍മസാലകള്‍ പിടികൂടി

എടക്കര: അപകടത്തില്‍പ്പെട്ട പച്ചക്കറി ലോറിയില്‍ നിന്നു 15 ലക്ഷം രൂപയുടെ നിരോധിത പാന്‍മസാലകള്‍ പിടികൂടി. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ വഴിക്കടവ് പഞ്ചായത്ത് അങ്ങാടിക്ക് സമീപം വൈദ്യുതി തൂണിലിടിച്ച് അപകടത്തില്‍പ്പെട്ട പിക്ക്അപ്പ് വാനില്‍ നിന്നുമാണ് പതിനഞ്ച് ലക്ഷം രൂപയുടെ നിരോധിത പാന്‍ ഉല്‍പന്നമായ ഹാന്‍സ് പിടികൂടിയത്. വഴിക്കടവ് പോലിസ് സ്റ്റേഷന്‍ ജങ്ഷന് സമീപം എസ്‌ഐയുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിങ് ഉണ്ടായിരുന്നു.
പട്രോളിങ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെപോയ പിക്ക്അപ്പ് വാന്‍ ഇരുനൂറ് മീറ്റര്‍ അകലെ വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ വാനിലുണ്ടായിരുന്ന ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. സംശയം തോന്നിയ പോലിസ് ചൊവ്വാഴ്ച രാവിലെ എക്‌സ്‌കവേറ്ററിന്റെ സഹായത്തോടെ മറിഞ്ഞ വാഹനം നിവര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് ലഹരി വസ്തുകള്‍ കണ്ടത്. പച്ചക്കറി ചാക്കുകള്‍ക്ക് അടിയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.
വാഹനം സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ പരിശോധന നടത്തി. 20 പ്ലാസ്റ്റിക് ചാക്കുകളിലായി നിറച്ച ഹാന്‍സ് പിന്നീട് പത്ത് ചണ ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. 30,000 ചെറിയ പായ്ക്കറ്റുകളാണ് ചാക്കുകളില്‍ ഉണ്ടായിരുന്നത്.
എറണാകുളം ജില്ലയില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള വാഹനമാണ് ഹാന്‍സ് കടത്താന്‍ ഉപയോഗിച്ചിട്ടുള്ളത്. തൃശൂര്‍ സ്വദേശിയുടെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍.
ഇയാളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വഴിക്കടവ് എസ്‌ഐ അജയ്കുമാര്‍, എഎസ്‌ഐ അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രാത്രികാല പരിശോധന നടത്തിയത്.

RELATED STORIES

Share it
Top