Alappuzha local

15 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതിക്ക് അംഗീകാരം

ആലപ്പുഴ: ലൈഫ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാവാത്ത വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ഉല്‍പാദന മേഖലയില്‍നിന്ന്് പദ്ധതിയ്ക്കായി പണം മാറ്റിവയ്ക്കാന്‍ ജില്ലാ പഞ്ചായത്തടക്കം ജില്ലയിലെ 29 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി. പൂര്‍ത്തിയാവാത്ത വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ലൈഫ് മിഷന്‍ പ്രകാരം നിലവിലുള്ള പദ്ധതിക്ക് പണം അപര്യാപ്തമായ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് ആസൂത്രണ ബോര്‍ഡ് അനുമതി നല്‍കിയതെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ പറഞ്ഞു. 25 ഗ്രാമപ്പഞ്ചായത്തുകള്‍ക്കും മൂന്നു ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്തിനുമാണ് അനുമതി ലഭിച്ചിട്ടുള്ളത്. സുലേഖ സോഫ്റ്റ്‌വെയറില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉല്‍പാദനമേഖലയില്‍നിന്ന് പദ്ധതിക്കായി പണം വിനിയോഗിക്കാം. ജില്ലാ പഞ്ചായത്തില്‍നിന്ന് ലൈഫ് പദ്ധതിക്ക് പണം ലഭ്യമാക്കുന്നതിന് 13 ഗ്രാമപ്പഞ്ചായത്തുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 3.60 കോടി രൂപ ഇതിനായി ജില്ലാ പഞ്ചായത്ത് ചെലവഴിക്കും. 12 ഗ്രാമപ്പഞ്ചായത്തുകളുടെയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും ചേര്‍ത്തല നഗരസഭയുടെയും വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. 47 പദ്ധതികളാണ് ഭേദഗതികളോടെ അംഗീകരിക്കപ്പെട്ടത്. ജില്ലാ പദ്ധതിയുടെ കരട് സംബന്ധിച്ച ചര്‍ച്ച നടന്നു. നവീന കൃഷി രീതികളും യന്ത്രങ്ങളും പ്രോല്‍സാഹിപ്പിക്കുക, എസി കനാലിലെ പോളയടക്കമുള്ളവ നീക്കാന്‍ വിവിധ പഞ്ചായത്തുകള്‍ ചേര്‍ന്ന് സമഗ്ര പദ്ധതി തയ്യാറാക്കുക, തൊണ്ടുസംഭരണം-കയര്‍ മേഖലകളില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക, മൃഗാശുപത്രികള്‍ അത്യാധുനികമാക്കുക, ഭിന്നശേഷിക്കാര്‍ക്ക് അത്യാധുനിക ഉപകരണങ്ങള്‍ നല്‍കുക, വരട്ടാറിന്റെ സംരക്ഷണത്തിന് തുടര്‍ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു. ജില്ലാ പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ 16ന് രാവിലെ 10ന് ആസൂത്രണ സമിതി ഹാളില്‍ നടക്കും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെഎസ് ലതി, ആസൂത്രണ സമിതിയംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it