15ാം ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയം സംസ്ഥാനത്തിന് എതിര്

തിരുവനന്തപുരം: 15ാം ധനകാര്യ കമ്മീഷന്‍ പരിഗണനാ വിഷയങ്ങള്‍ സംസ്ഥാനത്തിന് എതിരാണെന്നും കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ രാഷ്ട്രീയകക്ഷികളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
15ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ കേരളത്തിനു പൊതുവില്‍ ഗുണകരമാവത്തക്കവിധം ഭേദഗതി ചെയ്യേണ്ടതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് വലിയ ആശങ്കയുളവാക്കുന്ന സാഹചര്യമാണുള്ളത്. നിര്‍ദേശങ്ങള്‍ അതേപോലെ പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തിനു വലിയ നഷ്ടം നേരിടേണ്ടിവരും. സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവരുമാനം 42 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന ആവശ്യം ധനകാര്യ കമ്മീഷനു മുമ്പില്‍ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ നികുതിവിഹിതം നിലവില്‍ 2.5 ശതമാനമാണ്. ഇത് 10ാം കമ്മീഷന്റെ കാലയളവില്‍ മൂന്നര ശതമാനമായിരുന്നു. അതിനു ശേഷം ക്രമാനുഗതമായി കുറഞ്ഞുവന്നു. വിഹിതം കുറയാത്ത തരത്തിലുള്ള ഒരു സൂത്രവാക്യം കമ്മീഷന് മുന്നില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ വിഹിതം 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമെന്നാണു പറയുന്നത്. അങ്ങനെ വന്നാല്‍ 1971 മുതല്‍ 2011 വരെ ജനസംഖ്യ നിയന്ത്രണവിധേയമാക്കിയതിന്റെ സാമ്പത്തികനേട്ടം സംസ്ഥാനത്തിന്റെ വിഹിതം കുറയാതിരിക്കാനുള്ള ഒരു നിബന്ധനയായി ധനകാര്യ കമ്മീഷന് മുമ്പില്‍ വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2011 സെന്‍സസ് നില വച്ചുള്ള 15ാം കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പായാല്‍ സംസ്ഥാനത്തിന്റെ നികുതിവിഹിതം 2.5 ശതമാനത്തില്‍ നിന്ന് 1.8 ശതമാനമായി കുറയുമെന്നും അടുത്ത ധനകാര്യ കമ്മീഷന്‍ അനുവദിക്കേണ്ട തുകയില്‍ നിന്ന് 45,000 കോടി രൂപ കുറയുമെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
ഇതിനു പുറമെയാണ് വായ്പാ പരിധി മൂന്നില്‍ നിന്ന് 1.7 ആയി കുറയ്ക്കണമെന്ന റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശമുള്ളത്. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തിനു വിരുദ്ധമായ കമ്മീഷന്‍ നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്താന്‍ ധനകാര്യ കമ്മീഷന് നിവേദനം നല്‍കുന്നതില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് കക്ഷികള്‍ അറിയിച്ചു. മെയ് 28ന് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും.

RELATED STORIES

Share it
Top