15ാം ധനകാര്യ കമ്മീഷന്‍ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. 15ാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങളും ആശങ്കകളും യോഗത്തില്‍ പങ്കുവയ്ക്കും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരാണ് പങ്കെടുക്കുക.
മാസ്‌കോട്ട് ഹോട്ടലില്‍ നടക്കുന്ന പരിപാടി രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
1971ലെ കാനേഷുമാരി പ്രകാരമുള്ള ജനസംഖ്യാ കണക്കുകളാണ് ധനകാര്യ കമ്മീഷന്‍ തീര്‍പ്പിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍, 15ാം ധനകാര്യ കമ്മീഷന്‍ 2011ലെ ജനസംഖ്യ ആധാരമാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ജനസംഖ്യാ നിയന്ത്രണത്തില്‍ ഗണ്യമായ നേട്ടം കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്  പറഞ്ഞു.
റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്റ് തുടരണോയെന്നത് ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാന്റ് ഒഴിവാക്കുന്നത് സംസ്ഥാനങ്ങളുടെ ചെലവാക്കല്‍ശേഷിയെ കാര്യമായി കുറയ്ക്കും. വികസന ക്ഷേമപ്രവര്‍ത്തനങ്ങളെയാവും ഇത് ബാധിക്കുക. സംസ്ഥാനങ്ങളുടെ അനുവദനീയമായ ധനക്കമ്മി പരിധി 1.7 ശതമാനമായി താഴ്ത്താനാണ് ധന ഉത്തരവാദിത്ത നിയമ അവലോകന സമിതിയുടെ ശുപാര്‍ശ. സംസ്ഥാനങ്ങള്‍ക്കുള്ള ഇന്‍സെന്റീവുകളുടെ കാര്യത്തില്‍ അവ്യക്തതയാണ് നിലനില്‍ക്കുന്നത്.
ഇത്തരം പ്രശ്‌നങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമാക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് മന്ത്രിമാരുടെ യോഗം നടത്തുന്നത്. യോഗത്തില്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ധന സെക്രട്ടറിമാരും സംബന്ധിക്കും.
Next Story

RELATED STORIES

Share it