14,000 ബങ്കറുകള്‍ നിര്‍മിക്കാന്‍ അനുമതി

ജമ്മു: ജമ്മുകശ്മീരിലെ ജമ്മു ഡിവിഷനില്‍ നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപം 14,000ത്തിലധികം ബങ്കറുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി. പാകിസ്താനില്‍ നിന്നുള്ള ഷെല്ലാക്രമണങ്ങളില്‍ നിന്ന് അതിര്‍ത്തിഗ്രാമങ്ങളിലെ താമസക്കാര്‍ക്ക് സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിയന്ത്രണരേഖയ്ക്കു സമീപം പൂഞ്ച്, രജൗറി ജില്ലകളിലായി 7,298 ബങ്കറുകളും അന്താരാഷ്ട്ര അതിര്‍ത്തിയിലെ ജമ്മു, സാംബ, കതുവ ജില്ലകളില്‍ 7162 ബങ്കറുകളും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമായും രണ്ടുതരത്തിലുള്ള ബങ്കറുകളാണ് നിര്‍മിക്കുക. എട്ടുപേര്‍ക്കു വീതം സുരക്ഷിതമായി കഴിയാവുന്ന 160 ചതുരശ്ര അടിയുടെ 13,029 ബങ്കറുകളും 40 പേര്‍ക്കു വീതം തങ്ങാന്‍ കഴിയുന്ന 800 ചതുരശ്ര അടിയുടെ 1431 ബങ്കറുകളുമാണ് ഇവ.
415.73 കോടി രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്.  രജൗറിയില്‍ 5290, കതുവയില്‍ 3319, പൂഞ്ചില്‍ 2008, ജമ്മുവില്‍ 1320, സാംബയില്‍ 2523 എന്നിങ്ങനെയാണ് ബങ്കറുകള്‍ സ്ഥാപിക്കുക.
പാക് സൈന്യത്തിന്റെ ഭാഗത്തു നിന്നു വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ബങ്കറുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ 19 സൈനികരും 12 ഗ്രാമവാസികളും അടക്കം 35 പേര്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top