14.24 കോടിയുടെ കൃഷിനാശം; കെഎസ്ഇബിക്ക് നഷ്ടം 4.85 കോടി

കണ്ണൂര്‍: തകര്‍ത്തു പെയ്യുന്ന മഴയെ തുടര്‍ന്ന് ജില്ലയില്‍ 3749 കര്‍ഷകര്‍ക്ക് 14.24 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി കണക്കൂകൂട്ടല്‍. 215 ഹെക്ടര്‍ കൃഷിയിടം മഴയില്‍ നശിച്ചു. നെല്ല്, വാഴ, കവുങ്ങ്, തെങ്ങ്, റബര്‍ എന്നിവയെയാണ് കാലവര്‍ഷം പ്രധാനമായും ബാധിച്ചത്. കാറ്റിലും മഴയിലുമായി 52 ഹെക്ടറിലധികം നെല്‍കൃഷിയും 2.4 ഹെക്ടര്‍ പച്ചക്കറി കൃഷിയും നശിച്ചു. 1,33,881 വാഴകള്‍, 3040 കവുങ്ങുകള്‍, 8623 റബര്‍, 2273 തെങ്ങ്, 1852 കശുമാവ്, 4 ഹെക്ടര്‍ കപ്പ, 480 കുരുമുളക്, 40 ജാതിക്ക എന്നിവയും നശിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ റിപോര്‍ട്ട് ചെയ്തു.
വൈദ്യുതി വിതരണ ശൃംഖയ്ക്കുണ്ടായ തകരാറുകളെ തുടര്‍ന്ന് കെഎസ്ഇബിക്കും വലിയ നഷ്ടമാണുണ്ടായത്. ജില്ലയില്‍ രണ്ട് സര്‍ക്കിളുകളിലുമായി ഇതുവരെ 4.85 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്ന് കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. 1.80 ലക്ഷത്തിലേറെ ഉപഭോക്താക്കളെ ഇത് ബാധിച്ചു.
336 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 2306 ലോ ടെന്‍ഷന്‍ പോസ്റ്റുകളും ആറു ട്രാന്‍സ്‌ഫോമറുകള്‍ തകര്‍ന്നു. ശ്രീകണ്ഠാപുരം സര്‍ക്കിളിലാണ് കൂടുതല്‍ നഷ്ടം-2.6 കോടി. കണ്ണൂര്‍ സര്‍ക്കിളില്‍ 2.25 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. വൈദ്യുതി തകരാറുകള്‍ അതിവേഗം പരിഹരിച്ചുവരുന്നതായി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പറഞ്ഞു.

RELATED STORIES

Share it
Top