14 ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ ഭൂതല സംപ്രേഷണം നിര്‍ത്തുന്നു

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: മാധ്യമരംഗത്തെ ഡിജിറ്റല്‍വല്‍ക്കരണം വ്യാപകമാവുന്നതിനിടെ ദൂരദര്‍ശന്‍ സംസ്ഥാനത്ത് 14 കേന്ദ്രങ്ങളില്‍ നിന്നുള്ള ഭൂതല സംപ്രേഷണം അവസാനിപ്പിക്കുന്നു. ദൂരദര്‍ശന്റെ ഡിജിറ്റല്‍ സംപ്രേഷണത്തിനു മുന്നോടിയായി ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ പ്രസാര്‍ ഭാരതി ഉത്തരവിട്ടു. എന്നാല്‍ സംപ്രേണം പൂര്‍ണമായും നിര്‍ത്തുന്നതോടെ പ്രേക്ഷകര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ജീവനക്കാരെ പുനര്‍വിന്യസിക്കാനും തീരുമാനമായിട്ടില്ല.
മഞ്ചേരി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, തൊടുപുഴ, ദേവികുളം, പാലാ, അടൂര്‍, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കായംകുളം, കൊട്ടാരക്കര, തലശ്ശേരി, കാസര്‍കോട് എന്നിവിടങ്ങളിലെ ലോ പവര്‍ ട്രാന്‍സ്മിറ്ററുകളാണ്(എല്‍പിടി) പൂട്ടുന്നത്. മലപ്പുറം, പാലക്കാട്, കുളപ്പുള്ളി, അട്ടപ്പാടി, കല്‍പ്പറ്റ, പുനലൂര്‍ തുടങ്ങിയ എല്‍പിടികള്‍ ഈവര്‍ഷം പൂട്ടില്ല. ദൂരദര്‍ശന്റെ ഡിജിറ്റല്‍ പ്രസാരണം സാധ്യമാക്കുന്നതിനായി ഇവ ഉപയോഗിക്കും. ദൂരദര്‍ശന്റെ മഞ്ചേരിയിലെ നാല് എന്‍ജിനീയറിങ് ജീവനക്കാരെ ആകാശവാണിയുടെ മഞ്ചേരി എഫ്എം നിലയത്തിലേക്ക് മാറ്റിയിരുന്നു. എഫ്എം നിലയത്തില്‍ പ്രഭാത പ്രക്ഷേപണം ആരംഭിച്ചപ്പോഴായിരുന്നു ഈ നടപടി. സംസ്ഥാനത്തെ മറ്റ് 13 എല്‍പിടികളിലെ 50ഓളം വരുന്ന ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനങ്ങളൊന്നുമായിട്ടില്ല.
കേബിള്‍ സര്‍വീസും സ്വകാര്യ ഡിടിഎച്ച് സംവിധാനവും വ്യാപകമായതോടെ ദേശീയ പരിപാടികള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന ദൂരദര്‍ശന്റെ ഭൂതല സംപ്രേഷണത്തിന് പ്രേക്ഷകര്‍ കുറഞ്ഞതായി സര്‍വേകളില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ദൂരദര്‍ശനെ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലാക്കാന്‍ നടപടികളുമായി പ്രസാര്‍ ഭാരതി മുന്നോട്ടു പോവുകയാണ്. ഡിജിറ്റല്‍ സംവിധാനം വരുന്നതോടെ ആന്റിനയില്ലാതെ അഞ്ച് ചാനലുകള്‍വരെ ലഭിക്കും. 10 മുതല്‍ 20 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവില്‍ മൊബൈല്‍ ഫോണിലും ഡിഡി ചാനലുകള്‍ ലഭിക്കും.

RELATED STORIES

Share it
Top