14 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: പ്രതി അറസ്റ്റില്‍

മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് സെപ്തംബര്‍ രണ്ടിന് സ്വാകാര്യബസ്സിന്റെ ഡിക്കിയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ പാര്‍സലായി സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന 14 കിലോ കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടി സ്‌പെഷല്‍ സക്വാഡ് സിഐ ജിമ്മി ജോസഫും സംഘവും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചാലാട് മണല്‍ സ്വദേശി മുഹമ്മദ് യൂസഫ് (26) ആണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ കെണിയില്‍ അകപ്പെട്ടത്. പതിനേഴ് ദിവസത്തെ നിരന്തരപരിശ്രമത്തിന് ശേഷമാണ് പ്രതിയെ കണ്ണൂരില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വം പിടികൂടിയത്.
സപ്തംബര്‍ രണ്ടിന് പുലര്‍ച്ചെ ബാഗ്ലൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ഡിക്കിയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ പാര്‍സലായി സൂക്ഷിച്ച് കടത്തികൊണ്ടു വന്ന 14 കിലോ കഞ്ചാവ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും കേസ് രജിസറ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ ചാലാട് മണല്‍ സ്വദേശി മുഹമ്മദ് യൂസഫ് പിടിയിലാകുന്നത്. കണ്ണൂര്‍ ടൗണില്‍ വെച്ചാണ് ചൊവ്വാഴ്ച വൈകുന്നേരം പ്രതിയെ അറസ്റ്റ് ചെയ്തത്. ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയ കഞ്ചാവ് കേസില്‍ ബസ്, ട്രാവല്‍സ് ഓഫിസുകളിലെ ജീവനക്കാരുടെ മൊഴിയും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുമാണ് കേസില്‍ നാടകീയ വഴിത്തിരിവുണ്ടാക്കിയത്.
കഞ്ചാവ് പിടികൂടിയ ദിവസം പാര്‍സല്‍ അന്വേഷിച്ച് പ്രതി ട്രാവല്‍സിന്റെ ഓഫിസില്‍ ചെന്നിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സി ഐ ജിമ്മി ജോസഫിന്റെ നേത്യത്ത്വത്തില്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍ സജിമോന്‍, സിഇഒ മാരായ പ്രകാശന്‍, അനില്‍, ചാക്കോ, ഡബ്ല്യുസിഇഒ ശ്രീജ മോള്‍ എന്നിവരുടെ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.
എക്‌സൈസ് സംഘം അതീവരഹസ്യമായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ട്രാവല്‍സിന്റെ ഓഫിസിലേക്ക് പ്രതിയെ ഫോണ്‍ ചെയ്ത് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ട്രാവല്‍സ് ജീവനക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞു.
മുമ്പും യൂസഫ് പാര്‍സല്‍ രൂപത്തില്‍ കഞ്ചാവ് കടത്തികൊണ്ടു വന്നിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്തതില്‍ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചുള്ള വന്‍ റാക്കറ്റാണ് ഇടപാടുകള്‍ക്ക് പിന്നിലെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളതായി അന്വേഷണസംഘം വെളിപ്പെടുത്തി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് സംബന്ധിച്ച് അന്വഷണം നടന്നുവരുന്നതായും അന്വേഷണ സംഘം അറിയിച്ചു. വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top