14കാരിയുടെ കൊലയെ ന്യായീകരിച്ച് കശ്മീര്‍ പോലിസ്

ശ്രീനഗര്‍: കഴിഞ്ഞ ജൂലൈയില്‍ കുല്‍ഗം ജില്ലയില്‍ പട്ടാളം വെടിവച്ചുകൊന്ന 14കാരി, സൈന്യത്തിനെതിരേ കല്ലെറിയുകയും മേഖലയിലെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവളായിരുന്നുവെന്ന് പോലിസ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നല്‍കിയ വിശദീകരണത്തിലാണ് പോലിസ് അരുംകൊലയെ ന്യായീകരിച്ചത്.
സൈന്യത്തിനെതിരേ മേഖലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവളാണ് പെണ്‍കുട്ടി. സൈനികരെ വകവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മേഖലയില്‍ പ്രക്ഷോഭം നടക്കാറുള്ളത്. ഇത്തരമൊരു പ്രക്ഷോഭത്തിനിടെ സ്വയരക്ഷയ്ക്കായി സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിനു വിട്ടുനല്‍കാതെ പെണ്‍കുട്ടിയുടെ മൃതദേഹം ജനക്കൂട്ടം ഏറ്റെടുക്കുകയായിരുന്നുവെന്നും ഡിജിപി നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
21കാരനും 14കാരിയുമടക്കം മൂന്നുപേരെ സൈന്യം വെടിവച്ചുകൊന്ന സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷനല്‍ ഫോറം ഫോര്‍ ജസ്റ്റിസ് ചെയര്‍പേഴ്‌സന്‍ അഹ്‌സാന്‍ ഉന്റു നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ പോലിസിനോട് വിശദീകരണം തേടിയത്.

RELATED STORIES

Share it
Top