1300 മില്ലിഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നഗരത്തിലെ വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കുമായി വില്‍പനയ്ക്കായി കൊണ്ടുവന്ന നിരോധിത ലഹരിമരുന്നായ എംഡിഎംഎ (മെഥിലിന്‍ ഡൈയോക്‌സി മീഥാംഫിറ്റമൈന്‍) യുമായി യുവാവിനെ ചേവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി വളാങ്കുളം സ്വദേശിയായ നെടൂളി പറമ്പില്‍ അതുല്‍ കൃഷ്ണ (19) നെയാണ്  വളാങ്കുളം ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിന്നും നിരോധിത ലഹരിമരുന്നായ 1300 മില്ലിഗ്രാം എംഡിഎംഎയുമായി ചേവായൂര്‍ പോലീസും കോഴിക്കോട്  ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ഫോഴ്‌സും (ഡന്‍സാഫ്) ചേര്‍ന്ന് പിടികൂടിയത്.
കുറച്ച് കാലമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ഇയാള്‍ കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍  ലഹരിമരുന്നുകള്‍ വാങ്ങുന്നതിനായി പോയതായി ഡന്‍സാഫിന് രഹസ്യവിവരം ലഭിച്ചിരുന്നു. അന്നു മുതല്‍ ഡന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. തിങ്കളാഴ്ച ലഹരിമരുന്നുമായി ബംഗളൂരുവില്‍ നിന്നു കോഴിക്കോട് എത്തിയ അതുല്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ വളാംകുളത്തുള്ള ബസ് സ്റ്റോപ്പിന് സമീപത്ത് എത്തിയതായി പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലിസും ഡന്‍സാഫും ചേര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ജീന്‍സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച് സൂക്ഷിച്ച ക്രിസ്റ്റല്‍ രൂപത്തിലുള്ള 1300 മില്ലിഗ്രാം എംഡിഎംഎയുമായി ഇയാള്‍ പോലിസിന്റെ വലയിലായത്. പുതിയ തലമുറയിലെ യുവതീ യുവാക്കള്‍ക്കിടയില്‍ ഇത്തരം പുത്തന്‍ ലഹരിമരുന്നുകളുടെ ഉപയോഗം വര്‍ദ്ദിച്ചു വരുന്നതായി പോലിസ് അറിയിച്ചു. കഞ്ചാവ് പോലുള്ള ലഹരി മരുന്നുകളെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യപ്രദവും പോലിസിനോ രക്ഷിതാക്കള്‍ക്കോ കണ്ടെത്തുന്നതിനോ സംശയത്തിനോ ഇട നല്‍കാത്ത രീതിയില്‍ ഉപയോഗിക്കാനും കൊണ്ടു നടക്കാനും കഴിയുമെന്നുള്ളതുമാണ് പുത്തന്‍ തലമുറയെ ഇത്തരം ലഹരിമരുന്നിലേക്ക് ആകൃഷ്ടരാക്കുന്നത്.
ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഡിജെ പാര്‍ട്ടികള്‍ക്കും മറ്റും പോയി വരുന്നവരാണ് പാര്‍ട്ടി ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട എംഡിഎംഎ പോലുള്ള ലഹരി മരുന്നുകള്‍ കേരളത്തിലേക്കെത്തിക്കുന്നത്. വളരെ ചുരുങ്ങിയ അളവ് ശരീരത്തില്‍ എത്തിയാല്‍ പോലും കൂടുതല്‍ തീവ്രവും ദൈര്‍ഘ്യമേറിയതുമായ ലഹരി പ്രദാനം ചെയ്യുന്നവയാണ് എംഡിഎംഎ പോലുള്ള ഇത്തരം പുത്തന്‍ തലമുറ ലഹരികള്‍. ഇത്തരം ലഹരികളുടെ അശാസ്ത്രീയമായ ഉപയോഗവും ഓവര്‍ ഡോസും പെട്ടെന്നുള്ള മരണത്തിന് വരെ കാരണമാകാറുണ്ട്.
എംഡിഎംഎ എക്റ്റസി ടാബ്ലറ്റിന്റെ ഓവര്‍ഡോസ് മൂലം കഴിഞ്ഞ വര്‍ഷം കോഴിക്കോട് ഗോവിന്ദപുരത്തുള്ള ലോഡ്ജില്‍ വച്ച് ഒരു വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴും നഗരത്തിലെ യുവതീ യുവാക്കള്‍ക്കിടയില്‍ ഇത്തരം ലഹരിയുടെ ഉപയോഗം നിലവിലുള്ളതായി ഇയാളുടെ അറസ്റ്റില്‍ നിന്നും വ്യക്തമാക്കുന്നത്.
പോലിസിനോ എക്‌സൈസിനോ പോലും കണ്ടെത്താന്‍ ദുഷ്‌കരമായ ഇത്തരം ലഹരി മരുന്നുകള്‍ക്കെതിരെ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് കോഴിക്കോട്‌സിറ്റി നോര്‍ത്ത് അസി. കമീഷണര്‍ പ്രിഥ്വീരാജന്‍ അറിയിച്ചു.

RELATED STORIES

Share it
Top