13 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് വാടകവീട്ടിലേക്കു മാറ്റി

ഇരിട്ടി: ജീവിതോപാധി മുഴുവന്‍ നഷ്ടമായ മാക്കൂട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകളായ 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപില്‍നിന്ന്് വാടകവീടുകളിലേക്ക് യാത്രയാക്കി. പായം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയ 13 വീടുകളിലേക്കാണ് ഇവര്‍ താമസം മാറിയത്. 17 കുടുംബങ്ങള്‍ ക്യാംപില്‍ ഉണ്ടായിരുന്നു.
കിളിയന്തറ, പേരട്ട, കൂട്ടുപുഴ എന്നിവിടങ്ങളിലാണ് വാടകവീടുകള്‍ ഒരുക്കിയത്. രണ്ടു വീട്ടുകാര്‍ താല്‍ക്കാലികമായി ബന്ധുവീടുകളില്‍ വസിക്കും. ഇവരുടെ വീടുകള്‍ മലവെള്ള പാച്ചിലില്‍ ചളിയും മാലിന്യവും നിറഞ്ഞിരുന്നു. തുടര്‍ന്നാണ് ക്യാംപിലേക്കു മാറ്റിയത്. ഈ വീടുകള്‍ പഞ്ചായത്ത്-റവന്യൂ അധികൃതര്‍ വൃത്തിയാക്കി താമസയോഗ്യമാക്കി. കിളിയന്തറ സ്‌കൂളിലായിരുന്നു ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചിരുന്നത്. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവരെ സ്‌കൂളില്‍ തുടര്‍ന്നും താമസിപ്പിച്ചാല്‍ അധ്യയനം തടസ്സപ്പെടും. ഇതാണ് അടിയന്തരമായി വാടകവീടുകള്‍ കണ്ടെത്താന്‍ കാരണം. അതിനിടെ, വീടുകള്‍ നഷ്ടപ്പെട്ട 15 കുടുംബങ്ങളുടെ പുനരധിവാസത്തിന് ജനകീയ സഹകരണത്തോടെ സ്ഥലം കണ്ടെത്താന്‍ പായം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. കുട്ടുപുഴയിലും പരിസരത്തും വര്‍ഷങ്ങളായി പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കാണ് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായത്. ഇവര്‍ക്ക് ഇവിടെ വീണ്ടും താമസസൗകര്യം ഒരുക്കിയാല്‍ സങ്കേതികപ്രശ്‌നങ്ങള്‍ക്ക് കാരണമാവും. അതിനാലാണ് കിടപ്പാടമൊരുക്കാന്‍ ഭൂമി അന്വേഷിക്കുന്നത്. കിളിയന്തറയിലും പരിസരപ്രദേശങ്ങളിലുമുള്ള ചില സ്ഥലങ്ങള്‍ കണ്ടെത്തി ഭൂവുടമകളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയി—ട്ടുണ്ട്. സ്ഥലം കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍പ്പെടുത്തി വീടു നിര്‍മിക്കാമെന്ന് ക്യാംപിലെത്തിയ മന്ത്രിമാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
ഭൂമി വാങ്ങുന്നതിന് പണം സ്വരൂപിക്കുന്നതിനായി കിളിയന്തറ സ്‌കൂളില്‍ സാമൂഹിക-രാഷ്ട്രീയ-സന്നദ്ധ സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, എഎസ്‌ഐ പ്രഭാകരന്‍, ഫാദര്‍ തോമസ് തയ്യില്‍, അബ്ദുല്‍ ലത്തീഫ് സഅദി, ആര്‍ പി ഹുസയ്ന്‍ മാസ്റ്റര്‍,ഫാദര്‍ മാത്യു പോത്തനാംമല, കീത്തടത്ത്് അബൂബക്കര്‍ ഹാജി, ബിനോയ് കുര്യന്‍, ചാത്തോത്ത് ബാലന്‍, എം പി അബ്ദുര്‍റഹ്മാന്‍, എന്‍ പി സുരേഷ്, കെ പി സ്വപ്‌ന, ബാബു ജോസഫ് സംസാരിച്ചു.
സണ്ണി ജോസഫ് എംഎല്‍എ രക്ഷാധികാരിയും, പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ ചെയര്‍മാനും, സെക്രട്ടറി ബാബു ജോസഫ് കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. കാന്തപുരം വിഭാഗം സുന്നി സംഘടനകള്‍ ചേര്‍ന്ന് 10 സെന്റ് സ്ഥലം വാഗ്ദാനം ചെയ്തു. പങ്കെടുത്ത് മറ്റ് സംഘടനാ പ്രതിനിധികളും ആവശ്യമായ സഹകരണം ഉറപ്പുനല്‍കി.

RELATED STORIES

Share it
Top