13ന് കൊച്ചിയില്‍ രണ്ട് ലക്ഷം പേരുടെ പ്രാര്‍ഥനാ യജ്ഞം

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് 13ന് കൊച്ചിയില്‍ രണ്ടു ലക്ഷം പേരുടെ പ്രാര്‍ഥനാ യജ്ഞം നടത്താന്‍ അയ്യപ്പ ഭക്തന്‍മാരുടെ സംഘടനയുടെ നേതൃ യോഗത്തില്‍ തീരുമാനം. ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ച് കൊച്ചി ടിഡിഎം ഹാളില്‍ നടന്ന പ്രത്യേക യോഗത്തിലാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് പ്രാര്‍ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്.
ഹിന്ദു ഉണര്‍ന്നിരിക്കുന്നുവെന്ന ബോധം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത്രയും തിടുക്കത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇതിന്റെ ഭാഗമാണ് വനിതാ പോലിസുകാരെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2007ല്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കിയത് ദേവസ്വം മന്ത്രി ജി സുധാകരനായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എത്തിയപ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശബരിമല വിഷയം വീണ്ടും പരിശോധിച്ചു. തുടര്‍ന്ന്, അഭിഭാഷകനുമായി കൂടിയാലോചിച്ച് സ്ത്രീ പ്രവേശനത്തിനെതിരായി സത്യവാങ്മൂലം നല്‍കി. ഇത് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചതാണ് വിധി എതിരാവാന്‍ ഇടയാക്കിയതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.ധൃതിപിടിച്ച് കോടതിവിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നടപടി നിര്‍ത്തിവയ്ക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍, അഡ്വ. ഗോവിന്ദ് കെ ഭരതന്‍, അജയ് തറയില്‍, ടി ജി പത്മനാഭന്‍ നായര്‍, സി ജി രാജഗോപാല്‍, ഡി വിജയകുമാര്‍, എന്‍ വേണുഗോപാല്‍, ബെന്നി ജോസഫ്, ശ്രീകുമാരി രാമചന്ദ്രന്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട തന്ത്രി മുഖ്യന്‍മാര്‍, ആചാര്യന്‍മാര്‍, വിവിധ സമുദായ നേതാക്കള്‍, അയ്യപ്പ ഭക്തന്‍മാര്‍, വിവിധ മാതൃ സംഘടനാ നേതാക്കന്മാരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it