12 ശതമാനം ജിഎസ്ടി; മോദിക്ക് 1000 നാപ്കിന്‍ പാഡില്‍ കത്തെഴുതി പ്രതിഷേധം

ന്യൂഡല്‍ഹി: നാപ്കിന്‍ പാഡുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുകയും ഇതിനെ ആഡംബര വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത നടപടിക്കെതിരേ പ്രതിഷേധിക്കാന്‍ ഒരുങ്ങി വിദ്യാര്‍ഥികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 1000 നാപ്കിന്‍ പാഡുകളില്‍ കത്തെഴുതിയാണ് പ്രതിഷേധം. ഗ്വാളിയാറിലെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഈ പ്രതിഷേധത്തിനു തുടക്കംകുറിച്ചത്.നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ 12 ശതമാനം ജിഎസ്ടി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ഈ വേറിട്ട പ്രതിഷേധം. ഇന്ത്യയുടെ കൂടുതല്‍ സ്ഥലങ്ങളിലും ആര്‍ത്തവസമയങ്ങളില്‍ പരമ്പരാഗത രീതികളാണ് സ്ത്രീകള്‍ പിന്തുടരുന്നത്. ഈ സാഹചര്യത്തില്‍ ജിഎസ്ടി അടിച്ചേല്‍പ്പിക്കുന്നത് പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുമെന്നും സ്ത്രീകള്‍ക്ക് വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ജനുവരി നാലിന് ആരംഭിച്ച ഈ ക്യാംപയിന് സാമൂഹികമാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.
സ്ത്രീസുരക്ഷ, ശാക്തീകരണം എന്നിവയുടെ പ്രാധാന്യവും ആവശ്യകതയും വിശദീകരിക്കുന്ന 1000 കത്തുകളാണ് നാപ്കിന്‍ പാഡില്‍ തയ്യാറാക്കുന്നത്. നിലവില്‍ ആഡംബരവസ്തുക്കളുടെ കൂട്ടത്തിലാണ് നാപ്കിനുകളും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മാര്‍ച്ച് മൂന്നിന് നാപ്കിന്‍ കത്തുകള്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

RELATED STORIES

Share it
Top