12 മാവോവാദികളെ വെടിവച്ചുകൊന്നു

ഹൈദരാബാദ്: തെലങ്കാനയില ജയശങ്കര്‍ ഭൂപാളപള്ളി ജില്ലയില്‍ പോലിസ് വെടിവയ്പില്‍ 12 മാവോവാദികള്‍ കൊല്ലപ്പെട്ടു. തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ വെങ്കടപുരം ഗ്രാമത്തിനു സമീപത്തെ കാട്ടിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏറ്റുമുട്ടലില്‍ ഒരു കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗ്രേഹൗണ്ട് കോണ്‍സ്റ്റബിളായ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. മൂന്നു പോലിസുകാര്‍ക്കു പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ തെലങ്കാന സെക്രട്ടറി ഹരിഭൂഷണ്‍ എന്ന ജഗന്‍, പത്‌നി സാമക്ക, മറ്റൊരു പ്രമുഖ നേതാവായ ചുക്ക റാവു തുടങ്ങിയവരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്നു കരുതുന്നു. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ സ്ത്രീകളാണ്.
തെലങ്കാന രൂപീകരണശേഷം സംഘടനയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് ഹരിഭൂഷണ്‍ ആണെന്നാണു കരുതുന്നത്. 50ലധികം കേസുകളില്‍ പ്രതിയായ ഹരിഭൂഷന്റെ തലയ്ക്ക് സര്‍ക്കാര്‍ 30 ലക്ഷം രൂപ വിലയിട്ടിരുന്നു.
ഇന്നലെ പുലര്‍ച്ചെയോടെ അതിര്‍ത്തിയിലെ തടപ്പലഗുട്ട-പൂജാരികങ്കേഡു മേഖലയില്‍ തെലങ്കാന, ഛത്തീസ്ഗഡ് പോലിസ് സേനകള്‍ സംയുക്തമായാണ് മാവോവാദികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. മേഖലയില്‍ മാവോവാദി സാന്നിധ്യമുള്ളതായി നേരത്തേ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഗ്രേഹൗണ്ട് അംഗങ്ങളടക്കമുള്ള പോലിസ് സംഘം സ്ഥലത്തെത്തിയത്. തിരച്ചിലിനിടെ പോലിസ് സംഘം മാവോവാദികളെ വളയുകയും കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മാവോവാദികള്‍ വെടിവയ്പ് ആരംഭിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ഏറ്റുമുട്ടലിനിടെ മാവോവാദികളില്‍ ചിലര്‍ സമീപത്തെ കൊടുംകാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് തിരച്ചിലിനായി കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ജയശങ്കര്‍ ഭൂപാളപള്ളി ജില്ലാ പോലിസ് സൂപ്രണ്ട് ആര്‍ ഭാസ്‌കരന്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും സ്ഥലത്തെത്തി.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. അഞ്ചു തോക്കുകളും ഒരു എകെ 47 റൈഫിളും സ്‌കാനര്‍, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങളും 41,000 രൂപയും കണ്ടെടുത്തതായി പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top